എരുമേലിയിൽ നേഴ്സിങ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. എരുമേലി അസീസി ഹോസ്പിറ്റലിലെ നഴ്‌സിങ്ങ് വിദ്യാർത്ഥിനികൾ സഞ്ചരിച്ച കോളേജ് ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടു കൂടി എരുമേലിക്ക് സമീപം പ്രൊപ്പോസിലായിരുന്നു അപകടം. ആശുപത്രിയിലെ പ്രാക്ടീസിന് ശേഷം ഉച്ചഭക്ഷണം കഴിക്കാൻ വിദ്യാർഥികൾ ഹോസ്റ്റലിലേക്ക് പോകുന്പോഴാണ് അപകടമുണ്ടായത്. ആശുപത്രിക്ക് സമീപത്ത് തന്നെയാണ് അപകടം. എതിരെ വന്ന ബൈക്ക് യാത്രികൻ പെട്ടെന്ന് മുന്നിലെത്തി ബ്രേക്കിട്ട് നിർത്തിയപ്പോൾ ഇടിക്കാതിരിക്കാനായി ബസ് വെട്ടിച്ചതിനിടെ നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടമുണ്ടായതെന്ന് ഡ്രൈവർ പോലിസിനോട് പറഞ്ഞു. അപകടത്തിൽ ബസ് റോഡിനു കുറുകെ വട്ടം മറിയുകയായിരുന്നു .ഇരുപതോളം വിദ്യാർത്ഥിനികൾക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്കും മാറ്റി.

അസീസ്സി സ്കൂൾ ഓഫ് നഴ്സിംഗിലെ വിദ്യാർത്ഥി ലൂക്ക് (18), വിദ്യാർത്ഥിനെ സാറ(21) എന്നിവർ കോട്ടയം മാതാ ആശുപത്രിയിലും റോസ്മി (21) കോട്ടയം കാരിത്താസ് ആശുപത്രിയിലും ഡ്രൈവർ ബിജു (42), വിദ്യാർത്ഥിനികളായ സോണാ സെബാസ്റ്റ്യൻ (21), ബ്ലസി (21), ഷെബാന (22), ശിൽപ (20), നിഷ (19), ബിജില (22), ലിൻറ്റ (20), ജെസന (21), ജെസ്മി (20), മരിയ ടോമി (20), ആതിര (21) അധ്യാപികമാരായ ലക്ഷ്മി, സോണിയ എന്നിവരെ 26 മൈൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലിസും ഫയർ ഫോഴ്സും മോട്ടോർ വാഹന വകുപ്പും സ്ഥലത്തെത്തിയിരുന്നു.