കാഞ്ഞിരപ്പള്ളി: റബര്‍ കര്‍ഷരോടുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന ക്കെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച റബര്‍ കര്‍ഷക പട്ടിണി സമരത്തിലാണ് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയംഗവും കാഞ്ഞിരപ്പള്ളി എം.എല്‍ എ യുമായ ഡോ.എന്‍ ജയരാജ് എത്തിയത്.
കേരള കോണ്‍ഗ്രസിന്റെ മുഖപത്രമായ പ്രതിഛായയില്‍ അടക്കം റബര്‍ കര്‍ഷരോടുള്ള കോണ്‍ഗ്രസിന്റെ സമീപനത്തിനെ രൂക്ഷമായി വിമര്‍ശിച്ച സാഹചര്യത്തിലും കേരള കോണ്‍ഗ്രസ് യു.ഡി.എഫില്‍ നിന്ന് വിട്ട് നില്‍ക്കുന്ന സാഹചര്യത്തിലും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാതലത്തിലും ഏറെ രാഷ്ട്രീയമാനം കല്‍പ്പിക്കുന്നുണ്ട് ജയരാജിന്റെ ഈ സന്ദര്‍ശനത്തിന്.
റബര്‍ കര്‍ഷകരോടുള്ള അവഗണനക്കെതിരെ ആരു സമരം സംഘടിപ്പിച്ചാലും കേരള കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാട് എന്ന നിലയില്‍ പങ്കെടുക്കുമെന്നും അത് സി.പി.എം സംഘടിപ്പിച്ചാലും താന്‍ പങ്കെടുക്കുമെന്നും ജയരാജ് പറഞ്ഞു.രാവിലെ ഒമ്പതരയോടെ സമരവേദിയിലെത്തിയ ജയരാജ് സമരത്തിന് ആശംസ അര്‍പ്പിച്ച് സംസാ രിക്കുകയും ചെയ്തു.