നിയന്ത്രണം വിട്ട മിനി ബസ് തിട്ടയിലിടിച്ച് ശബരിമല തീർത്ഥാടകരായ എട്ട് പേർക്ക് പരിക്കേറ്റു.പോണ്ടിച്ചേരി സ്വദേശികളായ ഭീമ (28) ഇളയരാജൻ (38) സെന്തിൽകുമാർ (39) പ്രതാപൻ (49) ശരവണൻ (42) മാധവൻ (39) സത്യമൂർത്തി (54) പെരിയദർശിനി (8) എന്നിവരെ പരിക്കുകളോടെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊട്ടാരക്കര – ദിണ്ടിഗൽ ദേശീയ പാതയിൽ മുണ്ടക്കയം ചാമപ്പാറ വളവിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. കുത്തിറക്കത്തിൽ നിയന്ത്രണം വിട്ട ബസ് കൊടുംവളവിൽ കൂട്ടിയിട്ടിരുന്ന കരിങ്കൽ കൂനയിലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു.
അപകട വളവായ ഇവിടെ സ്ഥിരമായി വാഹനങ്ങൾ കൊക്കയിൽ മറിയുന്നതിനാൽ കരിങ്കൽ ഇറക്കി സുരക്ഷയൊരുക്കിയിരുന്നു. കരിങ്കല്ലിലിടിച്ച് നിന്നതിനാൽ ബസ് കൊക്കയിൽ മറിയാതെ രക്ഷപെടുകയായിരുന്നു.