2017 ൽ അന്താരാഷ്ട്ര നിലവാരത്തില്‍ പണി പൂര്‍ത്തിയാക്കിയ പാലാ പൊൻകുന്നം റോ ഡ് അപകടവും മരണവും പതിയിരിക്കുന്ന കെണിയായി മാറുന്നു. ഈ വർഷം തന്നെ ഒൻപത് മാസത്തിനുള്ളില്‍ നിരവധി ചെറുതും വലുതുമായ അപകടങ്ങളിൽ പത്തോളം പേരാണ് മരണമടഞ്ഞത്. കഴിഞ്ഞ രണ്ടര വർഷത്തെ കണക്കെടുത്താൽ 200 ൽ അധികം അപകടങ്ങളിൽ നിന്ന് 40 പേർക്കാണ് ജീവൻ നഷ്ടമായത്. പരിക്കേറ്റു കഴിയുന്നവരും ഏറെ. റോഡിന്റെ അശാസ്ത്രീയമായ നിർമാണവും അശ്രദ്ധയുമാണ് പല അപകടങ്ങൾ ക്കും കാരണം. മിനുസമുള്ള റോഡിൽ മഴ പെയ്തതിന് ശേഷം വാഹനങ്ങള്‍ ബ്രേക്ക് ചെ യ്യുമ്പോള്‍ തെന്നി മാറി ഉണ്ടാകുന്ന അപപകടങ്ങളും ഏറെയാണ്.
പാലാ മുതല്‍ പൊൻകുന്നം വരെ 24 കിലോമീറ്ററുകളാണ് ഉള്ളത്. മുമ്പ് 45 മിനിറ്റിൽ അധികം വേണ്ടിയിരുന്ന പാലാ – പൊൻകുന്നം യാത്രയ്ക്ക് പുതുക്കി പണിതതോടെ 20 മിനിറ്റുകൾ മാത്രം മതി. അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡിലൂടെ മരണപ്പാച്ചിലു തന്നെയാണ് പല വാഹനങ്ങളും. റോഡിലെ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനും അപകട സാധ്യത ഏറിയ മേഖലകളില്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാനും മുമ്പ് നാറ്റ്പാക് പഠനം നടത്തി സർക്കാരിന് നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു. ഇതിലൊന്നും ഒരു നടപടിയും ഉണ്ടാവാതെ കടലാസുകളില്‍ ഒതുങ്ങുന്നതു ഇനിയും അപകടങ്ങൾ ഉണ്ടാവുന്നതിന് വഴിവെയ്ക്കുന്നു. പോലീസ് ആലോചനയിട്ട നൈറ്റ് വിഷന്‍ ക്യാമറ പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ല. രാത്രിയും പകലും വ്യക്തമായ ദൃശ്യങ്ങള്‍ പകർത്തി അമിതവേഗക്കാരെ പിടികൂടാന്‍ പോലീസ് ആവിഷ്കരിച്ച പദ്ധതിക്ക് പൊതുമരാമത്ത് 1.62 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. റോഡിന്റെ പൊൻകുന്നം മുതൽ തൊടുപുഴ വരെയുള്ള അപകടകരമായ മേഖലകളില്‍ ക്യാമറ സ്ഥാപിക്കുന്നതിനായിരുന്നു ഇത്. ഇതും കടലാസ്സുകളില്‍ ഒതുങ്ങിയിരിക്കുകയാണ്.
കയറ്റങ്ങള്‍ നിരപ്പാക്കിയും വളവുകള്‍ നിവർത്തിയും നവീകരിച്ച റോഡിന്റെ ടാറിങ് അപാകതകളാണ് അപകടത്തോത് വർധിക്കുന്നതിന് കാരണമാകുന്നത് എന്ന് മൂന്ന് വർഷം മുമ്പ് നാറ്റ്പാക് പഠനം നടത്തി സർക്കാരിന് സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ തന്നെ പൊൻകുന്നം മുതൽ പൈക വരെയുള്ള റോഡ് പരുക്കന്‍ പ്രതലത്തിൽ റീ ടാറിങ് ചെയ്യണമെന്നും ഇളംങ്ങുളം മുതല്‍ എലിക്കുളം വരെയുള്ള റോഡുകള്‍ നിവർത്തണമെന്നുമാണ് നിർദ്ദേശിച്ചിട്ടുള്ളത്.
പാലാ – പൊന്‍കുന്നം റോഡില്‍ 24 കിലോമീറ്ററിലലും ഒരു ക്യാമറ പോലും ഇല്ല. ഹൈവേ പോലീസിന്റെ പെട്രോളിങ് മാത്രമാണ് മറ്റുള്ളവരെ വേഗ നിയന്ത്രണത്തിന് പ്രേരിപ്പിക്കുന്നത്.
പല പ്രദേശങ്ങളിലും വളവുകള്‍ നിവർത്താത്തതും റോഡ് സൈഡിൽ കാടുകള്‍ വളര്‍ന്നു കാഴ്ചകള്‍ മറയ്ക്കുന്നതും വഴിവിളക്കുകള്‍ പലതും കണ്ണ് ചിമ്മിയ അവസ്ഥയിലിരിക്കുന്നതും ഡ്രൈവർമാരെ കുഴക്കുന്നതാണ്. ശബരിമല തീര്‍ത്ഥാടനത്തിലെ പ്രധാന പാതയാണിത്. ഈ കാലയളവിലാണ് റോഡിൽ അപകടങ്ങൾ ഏറെയും രേഖപ്പെടുത്തുന്നത്.
അപകടങ്ങള്‍ പതിവായതോടെ റോഡിനെ റെഡ്‌സോണില്‍ പെടുത്തിയിട്ടുണ്ട്. റോഡ് സുരക്ഷ അതോറിറ്റി ഉദ്യോഗസ്ഥര്‍ അടുത്തദിവസം അപകടസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കും.