കാഞ്ഞിരപ്പള്ളി: മലയോരഗ്രാമങ്ങളിലെ വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജനക്ഷേമ ബോർഡും കോട്ടയം ജില്ലാ പഞ്ചായത്തും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജും ചേർന്നു സംഘടിപ്പിക്കുന്ന വിദ്യാർഥികൾക്കായുള്ള പ്രചോദന-പരിശീലന പരിപാടി മൊമന്റം– 2017 മുൻ ഡിജിപി ഡോ. അലക്‌സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു.

വിദ്യാർഥി എന്നനിലയിലുള്ള ചുമതല ശ്രദ്ധയോടെ നിർവഹിക്കുകയും കഠിനാധ്വാനം ചെയ്യുകയുമാണെങ്കിൽ അനന്തമായ സാധ്യതകളാണ് ലോകം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജു അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. രാജു, പി.കെ. സുധീർ, ജോളി ഡൊമിനിക്, ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ, കെ. രാജേഷ്, കെ.എ, തോമസ് കട്ടയ്ക്കൽ, വി.എം. ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.

2018 ബാച്ച് എസ്എസ്എൽസി, ഹയർ സെക്കൻഡറി വിദ്യാർഥികളെ മികച്ച വിജയത്തിലേക്കു കൈപിടിച്ചുയർത്തുന്നതിനു തുടർച്ചയായ പരിശീലനങ്ങളാണ് പരിപാടിയിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നു ജില്ലാ ‍പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനംഗം കെ. രാജേഷ് അറിയിച്ചു. ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിലെ 12 ഹൈസ്‌കൂളുകളെയും നാല് ഹയർ സെക്കൻഡറി സ്‌കൂളുകളെയും പങ്കെടുപ്പിച്ചാണ് പരിശീലന പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്.

കുട്ടികളുടെ വിദ്യാഭ്യാസത്തിൽ പ്രചോദനം നൽകുന്നതിനും ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിനുശേഷം അവരവരുടെ അഭിരുചിക്കനുസരിച്ച് ഉന്നത വിദ്യാഭ്യാസ മേഖലകളിലെ വിവിധ കോഴ്സുകൾ തിരഞ്ഞെടുക്കാനും കഴിയുന്നവിധം വിവിധ സ്ഥാപനങ്ങളെയും കോഴ്‌സുകളെയും പരിപാടിയിൽ പരിചയപ്പെടുത്തുമെന്നു കെ. രാജേഷ് അറിയിച്ചു.