പകൽ താപനില ക്രമാതീതമായി ഉയരുന്നതിനാൽ വിവിധ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാഹചര്യം ഉള്ളതിനാൽ തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ചു. ഏപ്രിൽ 30 വരെ പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചക്ക് 12 മുതൽ മൂന്നു വരെ വിശ്രമവേളയായിരിക്കും.
ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെയുള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂറായി നിജപ്പെടുത്തിയും രാവിലെയും ഉച്ചക്ക് ശേഷവും ഉള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചക്ക് 12ന് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം മൂന്നിന് ആരംഭിക്കുന്ന പ്രകാരവും പുന:ക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവായി.
തൊഴിലുടമകൾ തൊഴിലാളികളുടെ ജോലി സമയം മേൽ പറഞ്ഞ പ്രകാരം ക്രമീകരിച്ച് നൽകണമെന്നും ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ തൊഴിലുടമകൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. തൊഴിലാളികൾ ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ വെയിലത്ത് പണിയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ വിവരം അറിയിക്കണമെന്നും ജില്ലാ ലേബർ ഓഫീസർ അഭ്യർഥിച്ചു. ഫോണ് 04862222363 .