പൊന്‍കുന്നം: നിരാലംബ ജീവിതങ്ങളിലേക്ക് മധുരം പകര്‍ന്ന് ഇതാ കുലുക്കി സര്‍ബത്ത്. നാരങ്ങയും മധുരക്കൂട്ടും ചേര്‍ത്ത് കുലുക്കിയടിച്ച് ദാഹം തീര്‍ത്ത ഓരോരുത്തര്‍ക്കും അഭിമാനിക്കാം നമ്മളും ഈ നന്മയില്‍ പങ്കാളികളായെന്ന്. ചിറക്കടവ് മഹാദേവക്ഷേത്ര ത്തിനു മുന്‍പില്‍ കുലുക്കി സര്‍ബത്ത് കടയിട്ട വിദ്യാര്‍ഥികള്‍ ഇതിലെ ലാഭം പോളിയോ ബാധിച്ച് നടക്കാന്‍ ബുദ്ധിമുട്ടുള്ള യുവതിക്ക് കൃത്രിമകാല്‍ വാങ്ങാന്‍ നല്‍കി. ‘പാപ്പനും പിള്ളേരും സ്ട്രോങ്ങാ’ ഇതാണ് ഈ ചെറുപ്പക്കാരുടെ കുലുക്കിസര്‍ബത്ത് ‘ബ്രാന്‍ഡ് നെയിം’.

പേരുപോലെതന്നെ സ്ട്രോങ്ങാണെന്നു തെളിയിച്ചത് ചിറക്കടവ് പറഞ്ഞുകാട്ട് നന്ദു രാജ്, പുളിക്കല്‍ വീട്ടില്‍ ദീപക് കുമാര്‍, അനിയന്‍ ദിലീപ് കുമാര്‍, ചക്കം പറമ്പില്‍ വിഷ്ണു രാജ്, ആലപ്പാട്ട് അനന്തുരാജ്, പൂവത്തോലില്‍ വിഷ്ണു വിജയന്‍, ചക്കംപറമ്പില്‍ അമല്‍ ആര്‍.നായര്‍, വലിയപോത്തള്ളില്‍ ഉമേഷ് കുമാര്‍ എന്നിവരാണ്. മൂന്നു വര്‍ഷമായി ഉത്സവക്കാലത്ത് ഇവര്‍ കടയിടുന്നു. ഉല്ലാസയാത്രയ്ക്കു പണം കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം. 
അടുത്ത കൂട്ടുകാരന്‍ മരിച്ചപ്പോള്‍ അവന്റെ കുടുംബത്തിന് സഹായം നല്‍കണമെന്ന് പിന്നീട് തീരുമാനിച്ചു. അങ്ങനെ സേവനത്തിലേക്കു തുറന്ന മനസ്സ് പിന്നീട് ഇവര്‍ തുടരുകയായിരുന്നു. ഇത്തവണ ജനമൈത്രി പോലീസാണ് കോയിപ്പള്ളി സ്വദേശിനി മായ എന്ന മുപ്പത്തിരണ്ടുകാരിയുടെ ദുരിതം ഇവരെ അറിയിച്ചത്. പോളിയോ ബാധിച്ച ഇവര്‍ക്ക് കൃത്രിമ കാല്‍ വെച്ചാല്‍ പരാശ്രയമില്ലാതെ ജീവിക്കാം. അതിനായി ഇവര്‍ ലാഭമായി കിട്ടിയ പതിനായിരം രൂപ നല്‍കുകയായിരുന്നു.

കഴിഞ്ഞ ദിവസം പൊന്‍കുന്നം ഡിവൈ.എസ്.പി. ഓഫീസില്‍ നടന്ന ജനമൈത്രി പോലീ സിന്റെ യോഗത്തില്‍വെച്ച് തുക കൈമാറി. വരും വര്‍ഷങ്ങളിലും അര്‍ഹരായ വര്‍ക്ക് സഹായഹസ്തവുമായെത്തുമെന്ന ഉറപ്പാണിവര്‍ നല്‍കിയത്.