എരുമേലി : ആറാമത്തെ ജന്മദിനത്തില്‍ ആശുപത്രിയില്‍ ആഘോഷ് കേക്ക് മുറിച്ച് സന്തോഷമണിഞ്ഞ കണ്ണുകളുമായി പഴയത് പോലെ പുഞ്ചിരി പൊഴിക്കുമ്പോള്‍ അര്‍ബുദം തോറ്റതിന്റ്റെ ബയോപ്‌സി റിപ്പോര്‍ട്ട് തൊട്ടരികിലുണ്ടായിരുന്നു. വാടകവീ ട്ടില്‍ കടക്കെണിക്ക് നടുവില്‍ വലയുന്നതിനിടെ പുന്നാര മകന്റ്റെ രോഗം ഭേദമാക്കാന്‍ അലഞ്ഞ അമ്മ അശ്വതിയുടെ കണ്ണീര് അപ്പോഴും തോര്‍ന്നിരുന്നില്ല. നീണ്ട ഒരു വര്‍ഷ ത്തെ ചികിത്സക്ക് ശേഷം തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്റ്ററില്‍ നിന്നും എരുമേലി ചേനപ്പാടിയിലെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം ആഘോഷിനൊപ്പം എത്തു മ്പോള്‍ അശ്വതി പ്രാര്‍ത്ഥിച്ചത് ഇത്ര മാത്രം- ദൈവമേ ഇനി ആവര്‍ത്തിക്കരുതേ ഈ പരീക്ഷണം.

എരുമേലി കണ്ണങ്കരപ്പറമ്പില്‍ വിനോദിന്റ്റെയും അശ്വതിയുടെയും മകനായ അമ്പാടി എന്ന് വിളിക്കുന്ന ആഘോഷിന് ഇത് രണ്ടാം ജന്മമാണ്. റീജണല്‍ കാന്‍സര്‍ സെന്റ്ററില്‍ ഒരു വര്‍ഷത്തോളം ചികിത്സയിലായിരുന്ന ആഘോഷ് രോഗം പൂര്‍ണമായി ഭേദമായ തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. എരുമേലിയിലെ വാടക വീട് ഒഴിയേണ്ടി വന്നതിനാല്‍ മറ്റ് നിവൃത്തിയില്ലാതെ അമ്മയുടെ സഹോദരിയുടെ ചേന പ്പാടിയിലെ വീട്ടിലാണ് ഇപ്പോള്‍ താമസം. എരുമേലി നിര്‍മല പബ്ലിക് സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് രക്താര്‍ബുദം ബാധിക്കുന്നത്. ഒരു തുണ്ട് ഭൂമിയോ കിടപ്പാടമോ സ്വന്തമായില്ലാതെ വാടകവീട്ടില്‍ കടങ്ങളോട് പൊരുതു ന്ന മാതാപിതാക്കള്‍ക്ക് അത് താങ്ങാനാകുമായിരുന്നില്ല.

കളിചിരികളുമായി അയല്‍വാസികളുടെയും പ്രിയങ്കരനായിരുന്ന ആഘോഷ് പ്രസരിപ്പെല്ലാം ചോര്‍ന്ന് കീറിമുറിക്കുന്ന വേദനകളില്‍ തളരുന്നത് കാണാനാവാതെ അമ്മ മുഖം പൊത്തിക്കരഞ്ഞു. ഒരു നേരത്തെ മരുന്ന് വാങ്ങാന്‍ പണയം വെക്കാന്‍ പോലും ഒന്നുമില്ലാത്ത നിസ്സഹായാവസ്ഥയില്‍ പകച്ചുനിന്നുപോയി ആ കുടുംബം. അയല്‍വാസി കിഴക്കേപ്പറമ്പില്‍ റെഫീഖ് നാട്ടുകാരിലെ സുമനസുകളെ തേടിയെത്തി കുടുംബത്തിന്റ്റെ ദയനീയസ്ഥിതി വിവരിച്ചു. നോട്ടീസടിച്ച് യോഗം ചേര്‍ന്ന് വാര്‍ഡംഗം ജസ്‌ന നെജീബിന്റ്റെ നേതൃത്വത്തില്‍ കമ്മറ്റി രൂപീകരിച്ചു. ആ കാരുണ്യവര്‍ഷത്തിലേക്ക് ആഘോഷിന്റ്റെ സഹപാഠികളായ കുരുന്നുകളും നിര്‍മല സ്‌കൂളിലെ മുഴുവന്‍ കുട്ടികളും അധ്യാപകരും പങ്കുചേര്‍ന്നു. 
അങ്ങനെ തിരുവനന്തപുരത്ത് റീജണല്‍ കാന്‍സര്‍ സെന്റ്ററില്‍ ചികിത്സ തുടങ്ങി. രോഗത്തിന്റ്റെ കഠിന വേദനകളോട് പൊരുതാന്‍ അവിടെയും ആഘോഷിന് കൈത്താങ്ങായി സുമനസുകളെത്തി. എരുമേലി സ്വദേശിയും തിരുവനന്തപുരത്ത് താമസിക്കുന്നതുമായ ലോകബാങ്ക് കണ്‍സല്‍ട്ടന്റ്റ് ഷെബീര്‍ മുഹമ്മദും ഭാര്യയും സുഹൃത്തുക്കളുമായിരുന്നു ആ നല്ല മനസുകള്‍. ആശുപത്രിക്കടുത്ത് താമസിക്കാന്‍ വീടും ചികിത്സക്ക് തികയാതെ വന്ന പണവും അവര്‍ സ്വരുക്കൂട്ടി നല്‍കി.

കീമോതെറാപ്പികളിലൂടെ രോഗത്തെ അതിജീവിച്ച് പഴയതിനേക്കാള്‍ ഊര്‍ജത്തോടെ ഇപ്പോള്‍ വീട്ടുമുറ്റത്തുകൂടി ഓടിക്കളിക്കുകയാണ് ആഘോഷ്. ജീവിതത്തിലെ നിറം കെട്ടു പോയ ആഘോഷങ്ങളില്‍ വര്‍ണങ്ങള്‍ ചാര്‍ത്തി ഇനി അവനെത്തുകയാണ്. പഠിക്കാനെത്തുമ്പോള്‍ പൂക്കള്‍ നല്‍കി എതിരേല്‍ക്കാന്‍ കാത്തിരിക്കുന്നു സഹപാഠികള്‍. ഒന്നുമില്ലായ്മയില്‍ സ്‌നേഹവും കാരുണ്യവും നിറയുമ്പോഴാണ് വിധിയെ സാന്ത്വനത്തിന്റ്റെ സമ്പന്നത കൊണ്ട് തോല്‍പ്പിക്കാനാവുകയെന്ന് കാട്ടിത്തരുന്നു ആഘോഷിന്റ്റെ അതിജീവനം.