മുണ്ടക്കയം മുരിക്കുംവയല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നടപ്പാക്കാനിരുന്ന സ്മാര്‍ട്ട് സ്‌കൂള്‍ പദ്ധതി അട്ടിമറിച്ചത് സിപിഎം നേതാക്കളെന്ന് പി.സി ജോര്‍ജ് എംഎല്‍എ പറഞ്ഞു. സ്‌കൂളില്‍ സാധാരണക്കാരായ വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപെടുത്തുക, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദേശ കമ്പനിയുടെ സഹായത്തോടെ സ്മാര്‍ട്ട് സ്‌കൂള്‍ പദ്ധതി നടപ്പാക്കാനിരുന്നത്. എന്നാല്‍ പദ്ധതിയുടെ ആരംഭം മുതല്‍ ഇതിന് തുരങ്കം വച്ചത് കെ.ജെ തോമസും മറ്റൊരു സിപിഎം നോതാ വുമാണെന്ന് എംഎല്‍എ പറഞ്ഞു.
മുഖ്യ മന്ത്രിക്കും , വിദ്യാഭ്യാസ മന്ത്രിക്കും താല്‍പര്യമുള്ള പദ്ധതിയായിരുന്നു ഇത്. എന്നാല്‍ നാട്ടില്‍ എന്ത് വികസനം വന്നാലും അതിനെ തങ്ങളുടേതാക്കുവാനും, അല്ലായെങ്കില്‍ അത് ഇല്ലാതാക്കുവാനും ശ്രമിക്കുന്ന നേതാക്കളാണ് സ്മാര്‍ട്ട് സ്‌കൂള്‍ പദ്ധതി അട്ടിമറിച്ചതിന് പിന്നിലുമുള്ളത്.ഇളംകാട് വാഗമണ്‍ റോഡിന്റെ കാര്യത്തി ലും സമാന അവസ്ഥ തന്നെയാണ് സംഭവിച്ചത്.

സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുവാനായിരുന്നു പദ്ധതി.വിദ്യാര്‍ഥി കള്‍ സ്‌കൂളില്‍ പ്രവേശിക്കുമ്പോള്‍ ഹാജര്‍ എടുക്കുന്നത് മുതല്‍ വിദ്യാര്‍ഥികളെ പൂര്‍ണ്ണമായും നിരീക്ഷിക്കുകയും, പൂര്‍ണ്ണ വിവരങ്ങള്‍ കംപ്യൂട്ടറില്‍ രേഖപെടുത്തി സൂക്ഷിക്കുകയും ചെയ്യുന്നതായിരുന്നു സമാര്‍ട്ട് സ്‌കൂള്‍ പദ്ധതി.
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോംപ്ട് ടെക് മിഡില്‍ഈസ്റ്റ് എന്ന കമ്പനിയുടെ നേതൃത്വത്തിലാണ് സ്‌കൂളില്‍ ‘സ്മാര്‍ട്ട് സ്‌കൂള്‍ മാനേജര്‍’ എന്ന പേരില്‍ പദ്ധതി നടപ്പാക്കുവാനുദ്ദേശിച്ചത്.

വിദേശരാജ്യങ്ങളിലും , ഉയര്‍ന്ന നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതാനം ചില സ്‌കൂളുകളിലും മാത്രം നിലവിലുള്ള പദ്ധതി ആദ്യമായാണ് ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ പരീക്ഷിക്കാനിരുന്നത്.

കുട്ടികളുടെ റജിസ്റ്റര്‍ നമ്പര്‍ സേവ് ചെയ്തിരിക്കുന്ന ചിപ്പ് ഘടിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ്(ആര്‍എഫ്‌ഐഡി) ന്റെ സഹായത്തോടെയാണ് എസ്എസ്എം പദ്ധതി രൂപകല്‍പന ചെയ്തത്. ഐഡി കാര്‍ഡ് ധരിച്ച് ഒരു കുട്ടി സ്‌കൂളില്‍ പ്രവേശിക്കു മ്പോള്‍ തന്നെ കുട്ടിയുടെ ഐഡികാര്‍ഡിലുള്ള റജിസ്റ്റര്‍ നമ്പര്‍ സ്‌കൂളിന്റെ പ്രവേശന കവാടത്തില്‍ സ്ഥാപിക്കുന്ന റീഡര്‍ വഴി കംപ്യൂട്ടറില്‍ എത്തും. നിശ്ചിത സമയത്തിനു ള്ളില്‍ സ്‌കൂളില്‍ എത്തിചേരാത്തതും സ്‌കൂള്‍ സമയത്തിന് മുന്‍പ് പുറത്ത് പോകുന്ന തുമായ കുട്ടികളുടെ വിവരങ്ങള്‍ എംഎംഎസ് സന്ദേശങ്ങളിലൂടെ രക്ഷിതാക്കളെ അറിയിക്കും.

സ്മാര്‍ട്ട് പ്രോഗ്രസ് കാര്‍ഡ് എന്ന സംവിധാനം വഴി കുട്ടികളെ സംബന്ധിച്ച എല്ലാ വിവരങ്ങളും സൂക്ഷിച്ചുവയ്ക്കുവാനും കുട്ടികളുടെ കഴിവുകളും, കുറവുകളും കണ്ടെത്തി മാര്‍ഗനിര്‍ദ്ദേശം നല്‍കുവാനും സാധിക്കുമെന്നും അവകാശപെട്ടിരുന്നു. പദ്ധതി ഉദ്ഘാടനത്തോടെത്തിയപ്പോഴാണ് അട്ടിമറിക്കപെട്ടത്.