ശബരിമലയില്‍ പോകാന്‍ ഇരുമുടിക്കെട്ടുമായി ആണ് ആന്ധ്രാ സ്വദേശിനി എത്തിയത്. ഒടുവില്‍ പമ്പക്ക് പോകാന്‍ അനുവദിച്ചു….. 

എരുമേലി : ആന്ധ്രാപ്രദേശില്‍ നിന്നും ശബരിമലയ്ക്ക് പോകാനെത്തിയ 22 അംഗ തീര്‍ത്ഥാടനസംഘത്തിലെ 45 കാരിയായ യുവതിയെ എരുമേലിയില്‍ ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു വച്ചു. തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും ശബരിമല യാത്രയ്ക്ക് യുവതിക്ക് സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ അനിശ്ചിതത്വം.
ഒടുവില്‍ പമ്പ ഗണപതി ക്ഷേത്രം വരെ പോയി മാല ഊരിയ ശേഷം തിരികെ മടങ്ങാമെന്ന തീര്‍ത്ഥാടക സംഘത്തിന്റെ ഉറപ്പില്‍ പമ്പ വരെ യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നു. ഈ സംഭവത്തിന് തൊട്ടുപിന്നാലെ മറ്റൊരു തീര്‍ത്ഥാടക സംഘത്തിനൊപ്പമെത്തിയ ഇതരസംസ്ഥാനക്കാരയ മൂന്ന് യുവതികളേയും പ്രവര്‍ത്തകര്‍ തടഞ്ഞു.
വെള്ളിയാഴ്ച രാത്രി ഒന്‍പതരയോടെ എരുമേലി പോലീസ് സ്റ്റേഷന് സമീപത്ത് സ്വകാര്യ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വച്ചാണ് ആദ്യസംഭവം. ആന്ധ്രാ സ്വദേശിനി വിജയലക്ഷ്മി (45) ആണ് ഇരുമുടിക്കെട്ടുമായി 21 അംഗ സംഘത്തിനൊപ്പം ടെംപോ ട്രാവലര്‍ വാനില്‍ എത്തിയത്. ആന്ധ്രയില്‍ നിന്നും ഒരു യുവതി ശബരിമലയ്ക്ക് പോകാന്‍ എത്തുന്നുണ്ടെന്ന് കോട്ടയത്ത് നിന്നും ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് എരുമേലിയില്‍ കാത്തിരുന്ന പ്രവര്‍ത്തകര്‍ യുവതിയും സംഘവും എത്തിയപ്പോള്‍ തടയുകയായിരുന്നു.

ഭയന്നുപോയ യുവതിയെ ഒപ്പമുള്ളവര്‍ വാഹനത്തില്‍ കയറ്റി ഇരുത്തി. ഈ സമയം പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞിട്ടു. മണിമല സിഐ റ്റി.ഡി. സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. തീര്‍ത്ഥാടകരുമായി യാത്രയുടെ വിശദാംശങ്ങള്‍ ചോദിച്ചറിയാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഭാഷ തടസ്സമായിരുന്നു. എതിര്‍പ്പും പ്രതിഷേധവും കണ്ടു ഭയന്ന തീര്‍ത്ഥാടക സംഘം യുവതി പ്രവേശന പ്രശ്നത്തിലെ കോടതി വിധിയും സംഭവങ്ങളും അറിഞ്ഞിരുന്നില്ലെന്ന് പറയുന്നു. എന്നാല്‍ ഇത് വാസ്തവവിരുദ്ധമാണെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ശബരിമല യ്ക്ക് പോകുന്നില്ലെന്നാണ് ഒടുവില്‍ യുവതിയും സംഘവും അറിയിച്ചത്.

അതേ സമയം മതിയായ സംരക്ഷണം ലഭിച്ചാല്‍ പോകാന്‍ തയ്യാറാണെന്നും ഇവര്‍ ദ്വിഭാഷി മുഖേന പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. പമ്പയില്‍ പോയി ഗണപതി ക്ഷേത്രത്തില്‍ തൊഴുത് ഇരുമുടികെട്ട് തീര്‍ത്ഥാടക സംഘത്തിനെ ഏല്‍പ്പിക്കുകയും മാല ഊരി മലകയറാതെ മടങ്ങാന്‍ അനുവദിക്കുകയും ചെയ്യണമെന്ന് തീര്‍ത്ഥാടക സംഘത്തിലെ ഗുരുസ്വാമി കര്‍മ്മസമിതി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. ഇതേ തുടര്‍ന്ന് സംഘത്തെ പോകാന്‍ അനുവദിക്കുകയായിരുന്നു. ഇതോടെ സംഘം രാത്രി 10.30 ഓടെ പമ്പയിലേയ്ക്ക് പോലീസ് സംരക്ഷണത്തോടെ യാത്ര തിരിച്ചെങ്കിലും യുവതിയെ ശബരിമല കയറ്റുന്ന കാര്യത്തില്‍ ഉന്നതതല നിര്‍ദ്ദേശങ്ങള്‍ പോലീസിന് ലഭ്യമായിട്ടില്ലെന്ന് പറയുന്നു.

രാത്രി പത്തരയോടെ മൂന്ന് യുവതികള്‍ക്കൊപ്പം തീര്‍ത്ഥാടകര്‍ വലിയമ്പലത്തിന് സമീപത്തെ ദേവസ്വം പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വാഹനത്തിലെത്തിയപ്പോഴാണ് ഇവരെ കര്‍മ്മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചത്. ഇരുമുടിക്കെട്ടില്ലെന്നും ബന്ധുക്കളായ തീര്‍ത്ഥാടകര്‍ക്കൊപ്പമെത്തിയതാണെന്നും ശബരിമല കയറാതെ പമ്പയില്‍ നിന്നും മടങ്ങുമെന്നും യുവതികളും തീര്‍ത്ഥാടകസംഘവും അറിയിച്ചു. ഇതോടെ ഇവരെ യാത്ര തുടരാന്‍ അനുവദിക്കുകയായിരുന്നു.