വയനാട്ടില്‍ നിന്നുള്ള ദളിത് ആക്ടിവിസ്റ്റ് അമ്മിണി ശബരിമല ദർശനത്തിനായി എരുമേലിയിലെത്തി. പമ്പയിൽ കനത്ത സംഘർഷം തുടരുന്ന സാഹചര്യത്തിൽ പൊലീസ് ഇവർക്ക് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കൽ ബേസ് ക്യാംപിലെത്തി അവിടെ നിന്നും ഇവർ ശബരിമലയിലേക്ക് പോകുമെന്നാണ് വിവരം.

കോട്ടയത്തു നിന്നാണ് അമ്മിണി പമ്പയിലെത്തിയത്. പ്രതിഷേധക്കാര്‍ യാത്ര തടഞ്ഞാല്‍ പമ്പയില്‍ നിരാഹാരമിരിക്കുമെന്നും തനിക്കൊപ്പം മല കയറാൻ ഉത്തരേന്ത്യക്കാരായ ചില വനിതാ തീർത്ഥാടകർ കൂടിയുണ്ടാവുമെന്നും അമ്മിണി നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.

ആരോടും പറയാതെയല്ല, ആദ്യമേ അറിയിച്ചുകൊണ്ടാണ് യാത്ര ആരംഭിച്ചത്. ക്രമസമാധാന പ്രശ്നമുണ്ടെങ്കില്‍ കൈകാര്യം ചെയ്യേണ്ടത് സര്‍ക്കാരാണ്, ഭക്തരല്ല. മലകയറാനും തിരിച്ച് ഇറങ്ങാനുമുള്ള സംവിധാനം സര്‍ക്കാര്‍ ഉണ്ടാക്കണം. അത് സര്‍ക്കാര്‍ ചെയ്യുമെന്നുള്ള വിശ്വാസത്തിലാണ് തങ്ങള്‍. മൂന്ന് സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ എത്താനുണ്ട്. അവര്‍ എത്തിയതിന് ശേഷം മലകയറുമെന്നും അമ്മിണി പറഞ്ഞു. മനിതി സംഘവുമായി സഹകരിച്ചാണ് അമ്മിണിയുടെ മലകയറ്റം.