കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി വളപ്പില്‍ മലിനജലം പൊട്ടിയൊഴുക്കുന്നു. ആശുപ ത്രി കാന്റീന് സമീപത്തായാണ് പൈപ്പ് പൊട്ടി മലിനജലം ഒഴുകുന്നത്.

ആശുപത്രി കാന്റീനില്‍ നിന്നും, എക്‌സ് റേ യൂണിറ്റില്‍ നിന്നുമായി ഒഴുകിയെത്തുന്ന മലിനജലമാണ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പൈപ്പ് പൊട്ടി പുറത്തേക്കൊ ഴുകുന്നത്. എക്‌സ് റേ യൂണിറ്റിന് പുറക് വശത്തായി, ആശുപത്രി കാന്റീനോട് ചേര്‍ന്ന് മലിനജലം കെട്ടിക്കിടക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. ഭക്ഷണ പദാര്‍ത്ഥ ങ്ങളുടെ അവശിഷ്ടങ്ങളടക്കം ഒഴുകിയെത്തുന്ന മലിനജലം കെട്ടിക്കിടന്ന് പുഴുവരിക്കാന്‍ തുടങ്ങിയ നിലയിലാണ്.നാളുകള്‍ക്ക് മുന്‍പാണ് നേരത്തെയുണ്ടായിരുന്ന കുഴിയില്‍ മാലിന്യം നിറഞ്ഞതോടെ പുതിയ മാലിന്യക്കുഴി നിര്‍മ്മിച്ചത്.എന്നാല്‍ അശാസ്ത്രീയമായി നിര്‍മ്മിച്ച പുതിയ കുഴിയിലേക്ക് മലിനജലം ഒഴുകിയെത്താത്ത സ്ഥിതിയാണ് നിലവിലുള്ളത്.മലിനജലം ഒഴുക്കിവിടുന്ന പൈപ്പിനെക്കാള്‍ ഉയരത്തില്‍ കുഴിയെടുത്തതാണ് ഇതിന് കാരണം.പുതിയ കുഴിയിലേയ്ക്ക് വെള്ളം ഒഴുകിപ്പോകാതെ വന്നതോടെ നേരത്തെയുണ്ടായിരുന്ന കുഴിയ്ക്ക് സമീപം മലിനജലം ഒലിച്ചിറങ്ങുവാന്‍ തുടങ്ങി.ഇതിനൊപ്പം ഇവിടുത്ത പൈപ്പ് കൂടി പൊട്ടിയതോടെ മലിനജലം പൂര്‍ണ്ണമായും ഇവിടെ ഒഴുകി പരക്കുകയാണ് .നാടുനീളെ രോഗ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന ആരോഗ്യ വകുപ്പോ, ആശുപത്രി അധികൃതരോ ഇത് അറിഞ്ഞമട്ടു പോലുമില്ല.