സീതത്തോട്ടില്‍ രണ്ടുമാസത്തിനിടെ ഒന്‍പതാം തവണയും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. പതിനഞ്ചോളം കര്‍ഷകരുടെ കൃഷികളാണ് കാട്ടാന നശിപ്പിച്ചത്. ആകെ ഉണ്ടായിരുന്ന എല്ലാ സമ്പാദ്യങ്ങളും കാട്ടാനകൾ എടുത്തു. സ്ഥലത്തിനു ചുറ്റും കെട്ടിയ തകരവേലിയൊകകെ തകര്‍ത്ത് കാട്ടാനയിറങ്ങി.  ഇന്നലെയും ഇറങ്ങിയതോടെ കൃഷി നാമവശേഷമായി. പെരുനാട് പഞ്ചായത്തിലെ 9ാം വാർഡിൽപ്പെട്ട അട്ടത്തോട് മേഖലയിലാണ് ഗുരുതരമായ പ്രശ്നം.

കഴിഞ്ഞ കുറെ മാസങ്ങളായി പതിവായി സന്ധ്യ കഴിഞ്ഞാൽ കാട്ടാനകളെ കൃഷി സ്ഥലത്ത് കാണാം. വെളുക്കുവോളം കൃഷിയിടങ്ങളിൽതുടരും. ആനയെപ്പേടിച്ച് വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. കൃഷി സ്ഥലങ്ങൾക്കു ചുറ്റും സൗരോർജവേലി സ്ഥാപിക്കാന്‍ സഹായം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.