ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി വരണാധികാരി ജില്ലാ കളക്ടർ പി.ബി നൂഹ് മുന്‍പാകെ നാമനിർദ്ദേശ പത്രിക നൽകി. ജില്ലാ കളക്ടറേറ്റിൽ ഇന്നലെ ഉച്ചയ്ക്ക് 12ന് കോണ്‍ഗ്രസ് രാഷ്ട്രീയകര്യ സമിതി അംഗം പ്രഫ. പി.ജെ കുര്യൻ, ഡിസിസി പ്രസിഡന്റ് ബാബു ജോർജ്, കേരളാ കോണ്‍ഗ്രസ് – എം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എൻ. ജയരാജ് എംഎൽഎ, മുസ്്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഇ. അബ്ദുൾ റഹ്മാൻ എന്നിവരോടൊപ്പം എത്തിയാണ് ആന്റാ ആന്റണി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
രാവിലെ 11 ഓടെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസായ പത്തനംതിട്ട രാജീവ് ഭവനിൽ എത്തി യുഡിഎഫ്, കോണ്‍ഗ്രസ് നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തിയതിന് ശേഷമാണ് പത്രികാ സമർപ്പണത്തിനായി കളക്ടറേറ്റിലേക്ക് തിരിച്ചത്.
യുഡിഎഫ് ജില്ലാ ചെയർമാൻ വിക്ടർ റ്റി. തോമസ്, കണ്‍വീനർ പന്തളം സുധാകരൻ, മുൻ ഡിസിസി പ്രസിഡന്റുമാരായ കെ.ശിവദാസൻ നായർ, പി.മോഹൻരാജ്, പഴകുളം മധു, മാലേത്ത് സരളാദേവി, എ.ഷംസുദ്ദീൻ, ഘടക കക്ഷി നേതാക്കളായ ടി.എം. ഹമീദ്, ജോർജ് വർഗീസ്, ശ്രീകോമളൻ, ഡിസിസി ഭാരവാഹികൾ, ഘടകകക്ഷി ജില്ലാ ഭാരവാഹികൾ തുടങ്ങിയയവർ ഡിസിസിയിൽ ഉണ്ടായിരുന്നു.