ഒരു വ്യക്തിയുടെ സ്വഭാവ രൂപവത്കരണം സാധ്യമാകുന്നത് പഞ്ചവകാരങ്ങളായ വസ്ത്രം, വപുസ്, വാക്ക്, വിദ്യ, വിനയം എന്നിവയിലൂടെ ആണെന്നും അതിന് അടിത്തറ പാകുന്നതിന് നാഷണല്‍ സര്‍വ്വീസ് സ്‌കീം പോലുള്ള സംഘടനകള്‍ ഉയര്‍ന്നുവരേണ്ടത് സമൂഹത്തിന് അത്യന്താപേക്ഷിതമാണെന്നും ആര്‍. രാമചന്ദ്രന്‍ നായര്‍ ഐ. എ. എസ്.

മുണ്ടക്കയം മുരിക്കുംവയല്‍ ശ്രീ ശബരീശകോളേജില്‍ നടന്നവരുന്ന പ്രീ റിപ്പബ്‌ളിക് ദിന പരേഡ് ക്യാമ്പ് ഉത്ഘാടനം ചെയ്തു സംസാരിക്കകയായിരുന്നു അദ്ദേഹം. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ കൂടി ഉള്‍പ്പെടുമ്പോഴേ വിദ്യാഭ്യാസം പൂര്‍ണ്ണമാവൂ എന്ന് കേരളത്തിന്റെ മുന്‍ ചീഫ് സെക്രട്ടറി കൂടിയായിരുന്ന അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്‍. എസ് .എസ് റീജിയണല്‍ ഡയറക്ടര്‍ ജി. പി. സജിത് ബാബു അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ എന്‍. എസ് എസ് സ്റ്റേറ്റ് ഓഫീസര്‍ കെ. സാബുക്കുട്ടന്‍, പ്രിന്‍സിപ്പള്‍ പ്രൊഫ. എം. എസ്. വിശ്വംഭരന്‍, മാനേജര്‍ കെ.കെ വിജയന്‍, ഡോ. പി സവിത, സി.ആര്‍. ദിലീപ്കുമാര്‍, കെ. തിരുമലൈ രാജ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സായംസന്ധ്യയില്‍ നടന്ന കലാസപര്യയില്‍ ചെങ്ങന്നൂര്‍ തായ്‌മൊഴി അവതരിപ്പിച്ച നാടന്‍ പാട്ടിന്റെ ദ്യശ്യാവിഷ്‌ക്കാരം ക്യാമ്പിന് ഹരം പകര്‍ന്നു.

അതോടൊപ്പം ശ്രീ ശബരീശ കോളേജിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ കലാസന്ധ്യയ്ക്ക് മാറ്റ് കൂട്ടി. ഡല്‍ഹിലെ റെഡ്‌ഫോര്‍ട്ടിന്റെ മാത്യകയില്‍ ചിത്രീകരിച്ച സ്റ്റേജില്‍ അവതരിപ്പിച്ച ലൈറ്റ് ഷോ വേറിട്ട അനുഭവമായി. കേരളം,തമിഴ്‌നാട്, കര്‍ണ്ണാടക, ലക്ഷദ്വീപ് എന്നിവടങ്ങളില്‍ നിന്നായി ഇരുന്നൂറോളം വോളണ്ടിയര്‍മാരാണ് പരേഡ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.