എരുമേലി മുട്ടപ്പള്ളിയിൽ ആംബുലൻസ് മറിഞ്ഞു… അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്…

ഇന്ന് പുലർച്ചെ ആറു മണിയോടെ ശബരിമല പാതയിലാണ് അപകടം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസ് തിരികെ പമ്പയിലേക്ക് വരുന്നതിനിടെ മുട്ടപ്പള്ളിയിൽ അപകടത്തിൽപെടുകയായിരുന്നു. ആംബുലൻസ് വാഹനം നിയന്ത്രണം തെറ്റി കടയുടെ മുമ്പിലേക്ക് മറിഞ്ഞാണ് അപകടം.

ആംബുലൻസിൽ ഡ്രൈവർ വൈക്കം പൂത്തോട്ടം സനീഷ് (40) മാത്രമാണുണ്ടായിരുന്നത്. ഇയാളെ പരിക്കുകളോടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ. മുട്ടപ്പള്ളി-40 ഏക്കർ ജംഗ്ഷനിലെ വളവിൽ വെച്ചാണ് സംഭവം. റോഡരികിലെ കട്ടിങ്ങിലും ഓടയിലും ചാടി നിയന്ത്രണം തെറ്റി വാഹനം മറിയുകയായിരുന്നു. ഡ്രൈവിങ്ങിനിടെ ഡ്രൈവർ ഉറങ്ങിയതാകാം കട്ടിങ്ങിലും ഓടയിലും ചാടി വാഹനം നിയന്ത്രണം തെറ്റി മറിയാൻ കാരണമെന്ന് കരുതുന്നു.

കടയുടെ മുൻഭാഗത്തോട് ചേർന്നാണ് വാഹനം മറിഞ്ഞത്. മഞ്ചേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ എൻ ആർ എച്ച് എം (ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം ) ന്റേതാണ് മറിഞ്ഞ ആംബുലൻസ് വാഹനം. ശബരിമല തീർത്ഥാടന സേവനത്തിനായി പമ്പയിൽ നിയോഗിച്ച ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത്. പോലീസ് സ്ഥലത്തെത്തിയിരുന്നു.