34.73 കോടി രൂപ ചിലവഴിച്ച് ആധുനിക നിലവാരത്തില്‍ നിര്‍മ്മിക്കുന്ന മുണ്ടക്കയം- കൂട്ടിക്കല്‍ – ഇളംങ്കാട് – വാഗമണ്‍ റോഡിന്റെ നവീകരണം ജനകീയ പങ്കാളിത്തത്തോടെ പൂര്‍ത്തീകരിക്കുവാന്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട് പി.സി. ജോര്‍ജ്ജ് എം.എല്‍. എ.യുടെ അദ്ധ്യക്ഷതയില്‍ കൂട്ടിക്കലില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഒരു മാസ ത്തിനകം റോഡിനിരുവശവുമുള്ള പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ കാഞ്ഞിര പ്പള്ളി തഹസില്‍ദാര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി.

10 മീറ്റര്‍ വീതിയില്‍ ആയിരിക്കും റോഡിനായി സ്ഥലം ഏറ്റെടക്കുക. ഇതില്‍ 7 മീറ്റര്‍ റോഡ് ടാറിംഗും വശങ്ങളില്‍ ഫുട്പാത്തും, ഓടയും ഉള്‍പ്പെടെ ആയിരിക്കും റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുക. അപകട വളവുകള്‍ നിവര്‍ത്തുന്നതിനും ബസ് ബേകള്‍ നിര്‍മ്മിക്കുന്നതിനും ത്രിതല പഞ്ചായത്തംഗങ്ങളും പൊതുമരാമത്ത് ഉദ്ദ്യോഗസ്ഥരും അടങ്ങിയ സമിതികള്‍ രൂപീകരിക്കുവാനും യോഗത്തില്‍ ധാരണയായി. ഈ റോഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ തെക്കന്‍ കേരളത്തില്‍ നിന്നും വിനോദ സഞ്ചാരകേന്ദ്രമായ വാഗമണ്ണിലേക്കും, ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്കും വളരെ വേഗത്തില്‍ എത്തിച്ചേരുവാന്‍ സാധിക്കും. 
യോഗത്തില്‍ കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്‍, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാജു, പഞ്ചായത്ത് മെമ്പര്‍മാര്‍, കാഞ്ഞിരപ്പള്ളി തഹസീല്‍ദാര്‍ ജോസ് ജോര്‍ജ്ജ്, പൊതുമരാമത്ത് അസ്സി. എക്‌സിക്യട്ടീവ് എന്‍ജിനീയര്‍ രേഖാ പി. മറ്റ് റവന്യൂ പൊതുമരാമത്ത് ഉദ്ദ്യോഗസ്ഥന്മാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.