വൈകല്യങ്ങളെ വകവെയ്ക്കാതെ ജീവിക്കാൻ മോഹിച്ച ഉരുളികുന്നം കണിച്ചേരിൽ വീട്ടിൽ സുനീഷ് ജോസഫിന്റെ ആഗ്രഹം സഫലീകരിച്ചത് ഉമ്മൻചാണ്ടി. 2011-ലെ ജനസമ്പർക്ക പരിപാടിയിൽ സുനീഷിന് ആദ്യം കംപ്യൂട്ടറും പിന്നീടി ഫോട്ടോസ്റ്റാറ്റ് മെഷീനും അനുവദിച്ചു നൽകി.

ശോഷിച്ച ശരീരമുള്ള സുനീഷ് കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യുന്നത് സോഫയിൽ കിടന്നു കൊണ്ടാണ്. വീട്ടിൽ പഴയ കംപ്യൂട്ടറിൽ ഡിടിപി ജോലി ചെയ്ത് പ്രസുകൾക്ക് നൽകി യായിരുന്നു വരുമാനം നേടിയിരുന്നത്. പുതിയ കംപ്യൂട്ടർ ലഭിച്ചാൽ കൂടുതൽ ജോലി ചെയ്യാനാവുമെന്നതിനാൽ മുഖ്യമന്ത്രിയെ കാണാൻ തീരുമാനിക്കുകയായിരുന്നു. കം പ്യൂട്ടറും ഫോട്ടോ സ്റ്റാറ്റ് മെഷീനും അനുവദിച്ചുകിട്ടിയതോടെ നിശ്ചിത വരുമാനമായി.

ഭാര്യയും രണ്ടുകുട്ടികളുമുള്ള കുടുംബം പോറ്റാൻ മാന്യമായി വരുമാനമായത് ഉമ്മൻ ചാണ്ടിയുടെ കരുണയാലാണെന്ന് സുനീഷ് പറയുന്നു. പിന്നീട് കോമൺ സർവീസ് സെന്റർ തുടങ്ങി. ഇതിനിടെ സുനീഷിന്റെ മകന്റെ സൈക്കിൾ മോഷണം പോയ വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ജില്ലാകളക്ടർ പുതിയ സൈക്കിൾ എത്തിച്ചു നൽകിയതും സുനീഷി ന്റെ ജീവിതത്തിലെ മറക്കാനാവാത്ത മറ്റൊരു സംഭവമാണ്.