സംസ്ഥാനത്ത് നടക്കുന്ന അപ്രഖ്യാപിത വനവത്ക്കരണത്തിന്റെ രക്തസാക്ഷികളാണ് കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചാക്കോച്ചൻ പുറത്തറയിലും,തോമസ് പുന്നത്തറയുമെന്ന് കേരള ജനപക്ഷം ചെയർമാൻ പി സി ജോർജ്. ഓരോ വർഷം കഴിയുന്തോറും എയ്ഞ്ചൽവാലി,കണമല,കോരുത്തോട് മേഖലകളിൽ വന്യമൃഗ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. വന്യമൃഗങ്ങൾ ജനവാസ മേഖലകളിൽ ഇറങ്ങാതിരിക്കാൻ ജാഗ്രത പുലർത്തേണ്ട വനം വകുപ്പിന്റെ ഭാഗത്തുനിന്നും ഗുരുതരമായ അലംഭാവമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വനാതിർത്തിയിൽ കൃത്യമായി വൈദ്യുതി വേലികൾ സ്ഥാപിക്കുന്നതിലും മറ്റുമുണ്ടായ വീഴ്ചയാണ് പാവപ്പെട്ട കർഷകരുടെ മരണത്തിനിടയാക്കിയത്. കാർഷിക മേഖലയിലെ വന്യമൃഗ ശല്യത്തെ നിസ്സാരവത്ക്കരിക്കുകയും അതിനെ ലാഘവത്തോടെ കാണുന്നതുമാണ് ഇത്തരം അപകടങ്ങൾക്ക് കാരണം. കേരളമെമ്പാടുമുള്ള മലയോര കർഷകർ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.ഇതിന് പരിഹാരം കാണാൻ അടിയന്തര നടപടി വേണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു..