പതിവുപോലെ ക്ലാസ് മുറിയിലേക്ക് പുഞ്ചിരിയോടെ സ്വപ്ന ടീച്ചർ കടന്നുവരുമെന്ന് കരുതിയായിരുന്നു വിദ്യാര്‍ഥികള്‍ സ്കൂളിലെത്തിയത്. എന്നാല്‍, അവരുടെ പ്രിയപ്പെട്ട അധ്യാപികയുടെ അപ്രതീക്ഷിത വിയോഗവാര്‍ത്തയാണ് അവരെ വരവേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ അധ്യാപിക പഴയിടം തറപ്പേൽ (മണ്ണക്കനാട്ട്) സ്വപ്ന ജോർജ് (48) മരണമടഞ്ഞത്. വീട്ടില്‍ കുഴഞ്ഞു വീണ ടീച്ചറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.

വിദ്യാര്‍ഥികളുടെ ഹൃദയത്തില്‍ സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതിരൂപമായിരുന്ന സ്വപ്ന ടീച്ചര്‍ ഇനി ഒരിക്കലും ക്ലാസ് മുറിയിലേക്ക് തിരിച്ചുവരില്ലെന്ന യാഥാര്‍ഥ്യം കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. 10 സിയിലെ ക്ലാസ് ടീച്ചറായിരുന്നു സ്വപ്ന ടീച്ചർ. കൂടാതെ വർഷങ്ങളായി സ്റ്റാഫ് സെക്രട്ടറിയും ടൂർ കോഓർഡിനേറ്ററും ആയിരുന്നു.അധ്യാപികയുടെ മൃതദേഹം പൊതുദര്‍ശനത്തിനായി സ്കൂള്‍ അങ്കണത്തില്‍ എത്തിച്ചപ്പോള്‍, അധ്യാപകരും വിദ്യാര്‍ഥികളും ജീവനക്കാരും വിതുമ്പിക്കരഞ്ഞു. പൂക്കള്‍ അര്‍പ്പിച്ചും കണ്ണീര് പ്രണാമം അര്‍പ്പിച്ചും അവര്‍ തങ്ങളുടെ പ്രിയ അധ്യാപികയ്ക്ക് അവസാന യാത്രാമൊഴി നല്കി. സഹാധ്യാപകര്‍ക്കും ഈ വേര്‍പാട് താങ്ങാനായില്ല. എല്ലാവരോടും സ്നേഹത്തോടെയും പുഞ്ചിരിയോടെയും ഇടപഴകിയ സഹപ്രവര്‍ത്തകയുടെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും അവര്‍ക്ക് ഉള്‍ക്കൊള്ളാനായിരുന്നില്ല.

+ There are no comments
Add yours