സിബിഎസ്ഇ സഹോദയ കലോത്സവത്തിനു വർണാഭമായ തുടക്കം. മൂന്നു നാൾ നീളുന്ന സിബിഎസ്ഇ കലാമാമാങ്കം ചലച്ചിത്രതാരം മഞ്​ജു വാരിയർ ഉദ്ഘാടനം ചെയ്തു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ 116 സ്കൂളുകളെ പ്രതിനിധീകരിച്ച് ഏഴായിരത്തോളം കലാപ്രതിഭകളാണു മൂന്നു നാൾ നീളുന്ന മേളയ്ക്കെത്തിയത്. നാടോടി നൃത്തവും മോഹിനിയാട്ടവും ഭരതനാട്യവും ആദ്യ ദിനം അരങ്ങുണർത്തി. 
24 ഇനങ്ങൾ പൂർത്തിയായപ്പോൾ 276 പോയിന്റുമായി ഗിരിദീപം ബഥനി സെൻട്രൽ സ്കൂളാണ് ഒന്നാമത്. 237 പോയിന്റ് നേടിയ കോട്ടയം ലൂർദ് പബ്ലിക് സ്കൂൾ രണ്ടാമതും 218 പോയിന്റോടെ പാലാ ചാവറ പബ്ലിക് സ്കൂൾ മൂന്നാമതുമാണ്. ഇന്നു 30 ഇനങ്ങൾ അരങ്ങിലെത്തും. ഉദ്ഘാടന സമ്മേളനത്തിൽ സഹോദയ പ്രസിഡന്റ് ബെന്നി ജോർജ് അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, കെ. സുരേഷ് കുറുപ്പ് എംഎൽഎ, മംഗളം ചെയർമാൻ ബിജു വർഗീസ്, നടൻ ജോജു ജോർജ്, സംവിധായകൻ എബ്രിഡ് ഷൈൻ, സംവിധായകൻ ഫാന്റം പ്രവീൺ, റംസാൻ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

‘കലോത്സവങ്ങൾ മത്സരമായല്ല, ഉത്സവമായാണു കാണേണ്ടത്. തോൽവിയും വിജയവും ഒരുപോലെ ആഘോഷമാക്കാൻ കഴിയണം. ഭാവി ജീവിതത്തിൽ ആത്മവിശ്വാസവും എന്തും നേരിടാനുള്ള ശക്തിയും ചെറുപ്പത്തിലെ മത്സരാനുഭവങ്ങൾ നൽകും. ’ – മഞ്ജു വാരിയർ വേദിയിൽ

ഇന്ന് സംഘനൃത്തം (കാറ്റഗറി 3) – വേദി 1 – 9.00 ഭരതനാട്യം (കാറ്റഗറി 3) – വേദി 3 – 9.00 തിരുവാതിര – വേദി 6 – 11.30 നാടോടിനൃത്തം – വേദി രണ്ട് – 4.30 ഭരതനാട്യം – വേദി നാല് – 9.00