കാഞ്ഞിരപ്പള്ളി പട്ടണത്തിലെ ഗതാഗതക്കുരുക്ക് അഴിക്കുന്നതിനായി പ്ര ഖ്യാപിച്ച ബൈപ്പാസ് പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. പദ്ധതി കടന്നുപോകു ന്ന പ്രദേശത്തെ 8.64-ഏക്കര്‍ സ്ഥലം വിപണിവില നല്‍കി എറ്റെടുത്തു.

കാഞ്ഞിരപ്പള്ളി വില്ലേജില്‍ 41-സബ് ഡിവിഷനുകളിലായി 23-സര്‍വേ നമ്പറുകളില്‍പ്പെട്ട 32-പേരുടെ ഉടമസ്ഥതയിലുള്ള 8.64-ഏക്കര്‍ സ്ഥലം 24.76 കോടി രൂപ വിപണിവിലയായി നല്‍കി ഏറ്റെടുത്തത്.ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന കെ.കെ. റോഡരികിലെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെ ഉള്‍പ്പെടെ നാല് പേരുടെ സ്ഥലം കൂടി ഏറ്റെടുക്കാനുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ വില നല്‍കി ഏറ്റെടുത്ത് ആര്‍.ബി.ഡി.സിക്ക് കൈമാറും.ഓഗസ്റ്റോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം.എല്‍.എ. അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും എം.എല്‍.എ. പറഞ്ഞു.

ബൈപ്പാസ് നിര്‍മാണത്തിനായി 30-കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ പതിനൊന്ന് കോടിയോളം രൂപ ചിറ്റാര്‍പ്പുഴയ്ക്കും മണിമലയാറിനും കുറുകെ നിര്‍മിക്കുന്ന മേല്‍പ്പാലത്തിന് മാത്രം ചെലവാകും. കലുങ്കുകളും നടപ്പാതകളും ഇരു കവാടങ്ങളിലും റൗണ്ടാനകള്‍ ഉള്‍പ്പെടെയുള്ളവയും നിര്‍മിക്കും. ബൈപ്പാസിനായി സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്ക് ഉള്‍പ്പെടെ 78.69-കോടി രൂപ കിഫ്ബിയില്‍നിന്ന് അനുവദിച്ചിരുന്നു.

ദേശീയപാത 183-ല്‍ കാഞ്ഞിരപ്പള്ളി ഗ്രാമപ്പഞ്ചായത്ത് ഓഫീസ് പടിക്കല്‍നിന്ന് മണിമല റോഡിനും ചിറ്റാര്‍പ്പുഴയ്ക്കും മീതെ മേല്‍പ്പാലം നിര്‍മിച്ച് ടൗണ്‍ ഹാളിന് സമീപത്തുകൂടി ഫാബീസ് ഓഡിറ്റോറിയത്തിന് സമീപം പൂതക്കുഴിയില്‍ ദേശീയ പാതയില്‍ പ്രവേശിപ്പിക്കുന്നതാണ് നിര്‍ദിഷ്ട ബൈപ്പാസ്. 1.65-കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബൈപ്പാസിന് ശരാശരി 15 മുതല്‍ 20 മീറ്റര്‍ വരെയായിരിക്കും വീതി. ആര്‍.ബി.ഡി.സിക്കു വേണ്ടി കിറ്റ്കോയാണ് ബൈപ്പാസിന്റെ രൂപരേഖ തയ്യാറാക്കിയത്.

കാഞ്ഞിരപ്പള്ളിയുടെ ചിരകാല സ്വപ്നമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്. പദ്ധതിക്ക് അനക്കംവെച്ച് തുടങ്ങിയ 2008-മുതല്‍ പദ്ധതി നടപ്പാക്കുന്നത് കാത്തിരിക്കുകയാണ് കാഞ്ഞിരപ്പള്ളിക്കാര്‍. 2007-08-ല്‍ സര്‍ക്കാര്‍ ഫാസ്റ്റ് ട്രാക്കില്‍പെടുത്തി ബൈപ്പാസ് പദ്ധതിക്ക് തുടക്കമിട്ടു. പൊതുമരാമത്ത് നിരത്തു വിഭാഗം അലൈന്‍മെന്റ് നിശ്ചയിച്ച് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി അതിരുകള്‍ നിശ്ചയിച്ച് കല്ലുകളും സ്ഥാപിച്ചു. പിന്നീട് സ്ഥലമുടമകളിലൊരാള്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇതോടെ നടപടികള്‍ മുടങ്ങി.

ഓഗസ്റ്റില്‍ സാങ്കേതികാനുമതി ലഭിച്ചു. 2018-ല്‍ പദ്ധതിക്കു വേണ്ടി കിഫ്ബിയില്‍നിന്നു തുക അനുവദിച്ചു. 2020-ല്‍ സ്ഥലം ഉടമകള്‍ക്ക് പണം നല്‍കി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.