എരുമേലി : ശബരിമല സീസൺ മുന്നൊരുക്കങ്ങൾക്ക് ദേവസ്വം മന്ത്രി നിർദേശിച്ച സമയപരിധി ഇന്നലെയോടെ അവസാനിക്കുമ്പോഴും എരുമേലിയിൽ ഒരുക്കങ്ങളിൽ പകുതി പോലും പൂർത്തിയായില്ല. മഴയെ പഴി ചാരുകയാണ് ക്രമീകരണങ്ങളിൽ മുക്കാൽ പങ്കും നടത്തേണ്ട പൊതുമരാമത്ത് വകുപ്പും ദേവസ്വം ബോർഡും ഗ്രാമപ ഞ്ചായത്തും. അതേസമയം ഒരുക്കങ്ങൾ പൂർത്തിയായെന്ന് വനം വകുപ്പ് അറിയിച്ചു.
ഇന്നലെ ഒറ്റ ദിവസം കൊണ്ട് 20 കിലോമീറ്റർ ദൈർഘ്യമുളള അഴുത-പമ്പ വനപാത വനം വകുപ്പ് വെട്ടിത്തെളിച്ച് സഞ്ചാരയോഗ്യമാക്കി.
വിവിധ വകുപ്പുകളിലെ ഒരുക്കങ്ങളിലേക്ക്…
കിടത്താനിടമില്ലാതെ ആശുപത്രി
ഒരുക്കങ്ങൾ പൂർത്തിയായെന്നും ഇനി  ഡോക്ടർമാരുടെയും ജീവനക്കാരുടെയും നി യമന ഉത്തരവുകളും ആംബുലൻസുകളും കൂടി കിട്ടിയാൽ മതിയെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. എന്നാൽ എരുമേലി ആശുപത്രിയിൽ കിടത്തിചികിത്സ ഇപ്പോഴും പഴയ തകരഷെഡിലാണ്. രണ്ട് വർഷമായി പണി പൂർത്തിയായിട്ടും കിടത്തി ചികി ത്സക്കുളള രണ്ട് നില കെട്ടിടം തുറന്നു കൊടുത്തിട്ടില്ല.  അപകടങ്ങൾ വർധിക്കുന്നത് ശബരിമല സീസണിലാണെന്നിരിക്കെ എക്സറേ യൂണിറ്റ് സ്ഥാപിക്കാതെയാണ് ആശുപത്രിയിൽ മികച്ച സേവനമൊരുക്കിയിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അവകാശപ്പെട്ടിരിക്കുന്നത്.
എങ്ങുമെത്താതെ മരാമത്ത്
ജിഎസ്ടി പ്രശ്നത്തിൽ കരാറുകാർ പണിമുടക്കിലായിരുന്നതാണ് മരാമത്തിൽ താമസം നേരിട്ടത്. ഫുൾ ടാറിങ് ജോലികൾ ഇല്ലാത്തതിനാൽ പണികൾ വൈകിയാൽ കുഴപ്പമില്ലെന്നായിരുന്നു തുടർന്ന് കണക്കുകൂട്ടൽ. എന്നാൽ ഇതെല്ലാം മഴയിൽ തെറ്റി. പണികൾ തുടങ്ങിയപ്പോൾ മുതൽ ദിവസവും ഉച്ച കഴിയുന്നതോടെ മഴയാണ്. ശക്തമായ മഴയിലും കണമലയിൽ പാലത്തിൻറ്റെ അപ്രോച്ച് റോഡിൽ ടാറിങ് നടത്തിയത് നാട്ടുകാർ തടഞ്ഞിരുന്നു.
കുഴിയടയ്ക്കൽ ജോലികൾ മഴയത്താണ് മിക്കയിടങ്ങളിലും നടന്നത്. ഇത് പണികളുടെ ഗുണനിലവാരം മോശമാക്കി. മഴ മൂലം വശങ്ങൾ തെളിച്ച് കാട് നീക്കലും കലുങ്കുകളുടെയും പാലങ്ങളുടെയും ഉൾപ്പടെ പെയിൻറ്റിംഗ് ജോലികളും മുടങ്ങി. സീബ്രാലൈൻ നിർമാണവും തുടങ്ങാനായില്ല. പഴയ സൈൻ ബോർഡുകൾ നീക്കാനായിട്ടില്ല. റിഫ്ളക്ടർ സൈൻ ബോർഡുകൾ സ്ഥാപിക്കാനുമായില്ല. കളക്ടറും പോലിസും നിർദേശിച്ച പോയിൻറ്റുകളിൽ ക്രാഷ് ബാരിയറുകൾ നിർമിക്കാനും കഴിഞ്ഞിട്ടില്ല.
പാതി വഴിയിൽ ദേവസ്വം.
 അതേസമയം ദേവസ്വം ബോർഡിൻറ്റെ കീഴിൽ ക്രമീകരണങ്ങൾ പാതിയോളമെത്തി ക്കഴിഞ്ഞു. ആശുപത്രി, ഇൻഫർമേഷൻ സെൻറ്റർ നിർമാണം പൂർത്തിയാകാറായി. പെയിൻറ്റിംഗ്, മരാമത്ത് ജോലികൾ മഴ മൂലം വൈകുകയാണ്. കാനനപാതയിൽ ഓക്സിജൻ പാർലറുകൾക്ക് ഷെഡ്ഡുകൾ നിർമിക്കാനുണ്ട്. പാർക്കിംഗ് ഗ്രൗണ്ടുകളുടെ നവീകരണവും സീവേജ് ട്രീറ്റ്മെൻറ്റ് പ്ലാൻറ്റുകളുടെ പണികൾ പുരോഗമിക്കുകയാണ്.
കാമറ കാത്ത് പോലിസ്
സുസജ്ജമാണെന്ന് പോലിസ് പറയുമ്പോഴും വിവിധ വകുപ്പുകളിലെ അലംഭാവമാണ് പോലിസിനെ വിഷമവൃത്തത്തിലാക്കിയിരിക്കുന്നത്.സീസണിൽ ടൗൺ പൂർണമായി നിരീക്ഷിക്കാൻ കാമറകളും സിസി ടിവികളും പോലിസിനായി ഗ്രാമ പഞ്ചായത്തിൽ നിന്നും സ്ഥാപിച്ചിട്ടില്ല. അഴുതയിൽ എയ്ഡ് പോസ്റ്റ് നിർമിച്ചിട്ടില്ല. പാതകളിൽ പോലിസ് നിർദേശിച്ച അപകട സ്ഥലങ്ങളിൽ സുരക്ഷാ ക്രമീകരണവും നടപ്പിലായിട്ടില്ല.
ഗ്രീൻ ആക്കുമെന്ന് പഞ്ചായത്ത്
മാലിന്യ സംസ്കരണത്തിന് പ്ലാസ്റ്റിക് പൊടിക്കുന്ന മെഷീനും ജൈവ മാലിന്യങ്ങൾ വളമാക്കി മാറ്റുന്നതിന് ബയോ ബിൻ യൂണിറ്റും സജ്ജമാക്കി കൊണ്ടിരിക്കുകയാണ് പഞ്ചായത്ത്. കൂടാതെ ഖര മാലിന്യ സംസ്കരണത്തിന് ഇൻസിനറേറ്റർ സ്ഥാപിക്കാനുമൊരുങ്ങുന്നു. മാലിന്യങ്ങൾ തരം തിരിച്ചിടാൻ ടൗണിലുടനീളം ബിന്നുകൾ വെയ്ക്കും. കുളിക്കടവുകളിൽ ലൈഫ് ഗാർഡുമാരെ നിയമിച്ചു. വഴി വിളക്കുകൾ പ്രവർത്തന യോഗ്യമാക്കി കൊണ്ടിരിക്കുന്നു. കെഎസ്ആർടിസി ക്ക് പാർക്കിംഗ് ഗ്രൗണ്ടെടുത്തു നൽകി.