കാ​ഞ്ഞി​ര​പ്പ​ള്ളി: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​പ്പാ പ​നി വാ​ർ​ഡ് ആ​രം​ഭി​ച്ചു. നി​ല​വി​ൽ ഇ​വി​ടെ ആ​രും ചി​കി​ത്സ തേ​ടി എ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വാ​ർ​ഡ് സ​ജ്ജ​മാ​ക്കി​യ​ത്. വാ​ർ​ഡി​ൽ നാ​ലു പേ​രെ കി​ട​ത്തി ചി​കി​ത്സി​ക്കാ​നു​ള്ള കി​ട​ക്ക​ക​ളും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ട്. പു​രു​ഷ​ൻ​മാ​രു​ടെ മെ​ഡി​ക്ക​ൽ വാ​ർ​ഡി​ന് സ​മീ​പ​ത്താ​യാ​ണ് വാ​ർ​ഡ് ത​യാ​റാ​ക്കി ബോ​ർ​ഡും സ്ഥാ​പി​ച്ച​ത്. നി​പ്പാ രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​വ​ർ​ക്കു​ള്ള മാ​സ്കും ഗൗ​ണും ആ​ശു​പ​ത്രി​യി​ലു​ള്ള​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.എന്നാൽ ആരോഗ്യ വകുപ്പിൽ നിന്നും കൂടുതൽ സൗകര്യങ്ങളൊന്നും ലഭിച്ചിട്ടില്ല. ജനറൽ ആശുപത്രി വളപ്പിൽ അത്യാഹിത വിഭാഗത്തിന് സമീപം കെട്ടിക്കിടക്കുന്ന മലിനജലം ഒഴുക്കിവിടാൻ നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി പൊതുമരാ മത്ത് നിരത്തു വിഭാഗം അസിസ്റ്റന്റ് എൻജിനിയർ  ടി ആർ മനേഷ് ആശുപത്രിയിലെ ത്തി സ്ഥലത്ത് പരിശോധന നടത്തി.നിലവിൽ മലിനജലം ഒഴുകിയെത്തുന്ന കുഴിയ്ക്ക് വലുപ്പം കുറവായതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് കണ്ടെത്തി. അതിനാൽ ഇവിടെ നിന്നും പൈപ്പുകൾ സ്ഥാപിച്ച് സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിലേയ്ക്ക് മലിനജലം ഒഴു ക്കിവിടാനാണ് ശ്രമിക്കുന്നത്.

ആശുപത്രി വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്നതിനാൽ പൊതുമരാ മത്തിന്  പണം വിനിയോഗിക്കാനാവില്ല. ബ്ളോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തി ലുള്ള ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ഫണ്ട് വിനിയോഗിക്കാനാണ് ലക്ഷ്യമിടുന്നത്. മാലിന്യകുഴി നിറഞ്ഞതിനെ തുടർന്ന് പുറത്തേക്കൊഴുകി കെട്ടിക്കിടന്ന മലിനജലം  കോരി മാറ്റി വൃത്തിയാക്കിയിട്ടുണ്ട്.നാട് മുഴുവൻ പനിച്ച് വിറയ്ക്കുമ്പോൾ
കാഞ്ഞിരപ്പള്ളിയിൽ ജനറൽ ആശുപത്രി പരിസരത്ത് അത്യാഹിത വിഭാഗത്തിന് സമീപം മലിനജലം കെട്ടിക്കിടന്ന് കൊതുകുകൾ പെറ്റുപെരുകുന്നത്  മാധ്യമങ്ങൾ
റിപ്പോർട്ട് ചെയ്തിരുന്നു.  തുടർന്നാണ് നടപടികൾ ആരംഭിച്ചത്.