കട്ടപ്പനക്കടുത്ത് പുഷ്പഗിരിയില്‍ ബസും ടവേര ജീപ്പും കൂട്ടിയിടിച്ച് അഞ്ച് മരണം. ആറ് പേര്‍ക്ക് പരിക്കേറ്റു.
കാഞ്ഞിരപ്പള്ളി സുഖോദയ റിങ് റോഡില്‍ കൊച്ചുപറമ്പില്‍ അച്ചാമ(70), അച്ചാമയുടെ മകള്‍ ജെയിന് (34),മകന് ഷാജു (45), ഷാജിയുടെ മകന് ഇവാന് (ഒന്നര വയസ്സ്), വാഹനത്തിന്റെ ഡ്രൈവര്‍ റ്റിജോ (26) എന്നിവരാണ് മരിച്ചത്. പുഷ്പഗിരി മുരിക്കാശേരിയിലെ ബന്ധുവീട്ടില്‍ എത്തിയ ശേഷം തിരിച്ച് കാഞ്ഞിരപ്പള്ളിക്ക് മടങ്ങുകയായിരുന്നു ഇവര്‍. പതിനൊന്നുപേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ ആറു പേരില്‍ മൂന്നുകുട്ടികളുണ്ട്.
അമിതവേഗത്തില്‍ വരുന്ന ബസ് കണ്ട് വാഹനം ഹെഡ് ലൈറ്റ് തെളിയിച്ച് റോഡരികിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ ബസ് വന്നിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ജീപ്പ് പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ റ്റിജോ തല്‍ക്ഷണം മരിച്ചു. അമിത വേഗതയും റോഡിന്റെ വീതിക്കുറവുമാണ് അപകട കാരണമായത്. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിച്ചത്.
മൃതദേഹങ്ങള്‍ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലേക്കു മാറ്റി. നാളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.വൈകുന്നേരം 3.15ന് കട്ടപ്പനയ്ക്കു സമീപം തങ്കമണി പുഷ്പഗിരി കവലയില്‍ സ്വകാര്യബസും ടവേരയും കൂട്ടിയിടിച്ചായിരുന്നു അപകടം. അമിത വേഗതയായിരുന്നു അപകടത്തിനു കാരണമെന്നു പറയുന്നു.
കട്ടപ്പനയില്‍നിന്നും തോപ്രാംകുടിയിലേക്കു പോയ എലൈറ്റ് ബസാണ് ടവേറയില്‍ ഇടിച്ചത്. കാഞ്ഞിരപ്പള്ളി കുരിശങ്കല്‍ ജംഗ്ഷനിലെ സ്റ്റാന്‍ഡില്‍നിന്ന് വാടകയ്ക്കെടുത്ത ടവേരയില്‍ കുട്ടികള്‍ ഉള്‍പ്പെടെ 11 പേരുണ്ടായിരുന്നു. പരിക്കേറ്റവരെ കട്ടപ്പനയിലെയും സമീപ പ്രദേശങ്ങളിലെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേത്തൊട്ടിയിലുള്ള ബന്ധുവീട്ടില്‍നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് വരികയായിരുന്ന കുടുംബമാണ് അപകടത്തില്‍പെട്ടത്.