എരുമേലി : പോലിസ് വിളിച്ചുചേർത്ത യോഗത്തിൽ മുഴങ്ങിയതത്രയും നാടിൻറ്റെ പ്രശ്നങ്ങൾ. ശബരിമല സീസണിൽ എരുമേലിയിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്ന തിൻറ്റെ മുന്നൊരുക്കമായാണ് യോഗം വിളിച്ചു ചേർത്തത്. ടൗൺ റോഡിൽ ഒരു വശ ത്ത് മാത്രം പാർക്കിംഗ് അനുവദിച്ചാൽ ഗതാഗത കുരുക്കൊഴിയുമെന്ന പോംവഴി നടപ്പിലാക്കാൻ യോഗം തീരുമാനിച്ചു. ടൗൺ റോഡിൽ തീർത്ഥാടന കാലത്ത് വൺ വേ ഏർപ്പെടുത്താനും ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കാനും തീരുമാനിച്ചു.
ഭക്ഷണശാലകളുടെ മുന്നിൽ കാണാനും വായിക്കാനും കഴിയുന്ന നിലയിൽ അംഗീകൃത ഭക്ഷണനിരക്ക് ബോർഡ് പ്രദർശിപ്പിച്ചിരിക്കണം. ജീവനക്കാർക്ക് ഹെൽത്ത് കാർഡും പോലിസ് സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയൽ രേഖയുമുണ്ടായിരിക്കണം. ലൈസൻസ് ഇല്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കരുത്. ശൗചാലയങ്ങളിലും പാർക്കിംഗ് ഗ്രൗ ണ്ടുകളിലും നിരക്കുകൾ പ്രദർശിപ്പിച്ചിരിക്കണം. പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കും. മാലിന്യങ്ങൾ റോഡുകളിലും ജല സ്രോതസുകളിലും ഇടുന്നവർക്കെതിരെ കേസെടുക്കും.
പോലിസും ശുചിത്വ മിഷനും പഞ്ചായത്തും വ്യാപാര സംഘടനകളും വിവിധ സന്നദ്ധ സംഘടനകളും ചേർന്ന് സംയുക്തമായി ശുചീകരണം നടത്താനും തീരുമാനിച്ചു. ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ നമ്പരുകളും ഡ്രൈവർമാരുടെ ഫോൺ നമ്പരുകളും ശേഖരിക്കണം. ഇത് രജിസ്റ്ററിലാക്കി ഗ്രൗണ്ടുടമകൾ സൂക്ഷിച്ചിരി ക്കണം. ഗ്രൗണ്ടുകളിലും ലോഡ്ജുകളിലും സിസി ടിവി ക്യാമറാ നിരീക്ഷണമുണ്ടാകും.
കാളകെട്ടി, അഴുത, മൂക്കൻപെട്ടി പ്രദേശങ്ങളിൽ ടാക്സികളിൽ പോലിസ് നൽകുന്ന സ്റ്റിക്കർ പതിപ്പിച്ചിരിക്കണം. പോലിസിൽ രജിസ്റ്റർ ചെയ്ത് ടാക്സിയുടെയും ഉടമ, ഡ്രൈവർ എന്നിവരുടെയും വിവരങ്ങൾ നൽകണം. കാഞ്ഞിരപ്പളളി ഡിവൈഎസ്പി ഇമ്മാനുവേൽ പോൾ, മണിമല സിഐ റ്റി ഡി സുനിൽ കുമാർ, എരുമേലി എസ്ഐ മനോജ് മാത്യു, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡൻറ്റ് മുജീബ് റഹ്മാൻ, എരുമേലി, കണമല, മുക്കൂട്ടുതറ പ്രദേശങ്ങളിലെ ടാക്സി ഡ്രൈവേ ഴ്സ് യൂണിയനുകളുടെ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.