കാഞ്ഞിരപ്പള്ളി: കൈക്കൂലി വാങ്ങുന്നതിനിടെ മൂവാറ്റുപുഴ ആര്‍ഡിഒ മോഹനന്‍ പിള്ളയെ വിജിലന്‍സ് പിടികൂടി. ഇയാള്‍ കാഞ്ഞിരപ്പള്ളി ചിറക്കടവ് സ്വദേശിയാണ് .

നെല്ലാട് വീട്ടൂര്‍ വരിക്കളായില്‍ മാത്യു നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മോഹനന്‍ പിള്ളയെ വിജിലന്‍സ് കുടുക്കിയത്. ഡിവൈഎസ്പി എം എന്‍ രമേശിന്റെ നേതൃത്വത്തിവുള്ള പതിനഞ്ചോളം വരുന്ന ഉദ്യോഗസ്ഥ സംഘമാണ് മാത്യൂവില്‍ നിന്നും കൈക്കൂലിയായി വാങ്ങിയ 50000 രൂപ സഹിതം ഓഫീസില്‍ നിന്നും മോഹനന്‍ പിള്ളയെ അറസ്റ്റ് ചെയ്തത് മാത്യു പണം നല്‍കി പുറത്തിറങ്ങിയ ഉടന്‍ മുറിയിലേക്ക് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മുറിയിലേക്ക് കയറി. ഈ സമയം മോഹനന്‍ പിള്ള കൈയിലിരുന്ന പണപ്പൊതി ദൂരേക്കെറിഞ്ഞെങ്കിലും മുറിയില്‍ തന്നെ ചിതറിവീണു.

തുടര്‍ന്ന് മുറിയില്‍ നിന്നും ഓടി രക്ഷപെടാനുള്ള നീക്കം ഉദ്യോഗസ്ഥര്‍ ഫലപ്രദമായി തടഞ്ഞതോടെ ഇയാള്‍ വിജിലന്‍സ് സംഘത്തോട് അടിയറവ് പറഞ്ഞ് രക്ഷിക്കണമെന്ന ആവശ്യവുമായി കാലില്‍ വീണു.

തൊടുപുഴ മൂവാറ്റുപുഴ റോഡില്‍ വേങ്ങാച്ചുവടില്‍ മാത്യവിന്റെ സുഹൃത്തിന്റെ സ്ഥലത്ത് നടന്നിരുന്ന മതില്‍കെട്ട് മോഹനന്‍പിള്ള നേരിട്ടെത്തി നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുകയും ഇത് പൂര്‍ത്തിയാക്കുന്നതിന് അനുമതി നല്‍ണമെങ്കില്‍ അന്‍പതിനായിരം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

വസ്തുവിന്റെ രേഖകളുമായി ഓഫീസില്‍ വരാന്‍ നിര്‍ദ്ദേശിച്ച് മോഹനന്‍ പിള്ള സ്ഥലം വിട്ടു. ഉച്ചകഴിഞ്ഞ് മൂവാറ്റുപുഴയിലെ ഓഫീസിലെത്തി കണ്ടപ്പോള്‍ സഹായിക്കണോ ഉപദ്രവിക്കണമോ എന്നായിരുന്നു ആര്‍ഡിഒയുടെ ചോദ്യമെന്നും സഹായിക്കണമെന്ന് പറഞ്ഞപ്പോള്‍ ഇതിന് അന്‍പതിനായിരം രൂപവേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടെന്നുമാണ് മാത്യു നല്‍കുന്ന വിവരം.

തുടര്‍ന്ന് സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം ഈ വിവരം മാത്യൂ കടവന്തയിലെ വിജിലന്‍സ് ഓഫീസില്‍ വിളിച്ചറിയിച്ചു. പിറ്റേന്ന് പണവുമായി എത്താനായിരുന്നു ഡി വൈ എസ് പി നിര്‍ദ്ദേശിച്ചത്. ഇതുപ്രകാരം പണവുമായി മാത്യു വിജിലന്‍സ് ഓഫീസിലെത്തുകയും പ്രത്യേക പൊടിതൂകി നോട്ടുകെട്ടുകള്‍ പൊതിഞ്ഞ് മാത്യവിന് കൈമാറുകയുമായിരുന്നു.