എരുമേലി : പ്രവാസികളുടെ പ്രധാന പ്രതീക്ഷ എങ്ങനെയും ജീവിതം പച്ച പിടിപ്പിക്കു bയെന്നുളളതാണ്. ആ നെട്ടോട്ടത്തിലും അവർ കാണും ജന്മനാട്ടിലെ സങ്കടങ്ങൾ. കയ്യിൽ കരുതുന്ന സമ്പാദ്യത്തിൽ നാടിൻറ്റെ കണ്ണുനീര് തുടയ്ക്കാനുളള ദിനാറും ഡോളറും മാറ്റി വെക്കും. അങ്ങനെ തുടർച്ചയായി എരുമേലിയിലെ നിർധന കുടുംബങ്ങൾക്കും നിരാലംബരായ രോഗികൾക്കും സഹായധനം നൽകി വരികയാണ് മസ്ക്കറ്റിലെ എരുമേലി സ്വദേശികളുടെ കൂട്ടായ്മ.

ഇക്കഴിഞ്ഞ ദിവസം അവരിലെ ചിലർ  എരുമേലിയിലെത്തിയത്  നിർധനരും രോഗിക ളുമായ മൂന്ന്  കുടുംബങ്ങൾക്ക് സഹായധനം നൽകാനായിരുന്നു. ദുരിതങ്ങളിൽ കുടുങ്ങി പ്രതീക്ഷകൾ പൊലിഞ്ഞ മൂന്ന് കുടുംബങ്ങൾക്കാണ് പ്രവാസികൾ പ്രതീക്ഷയുടെ പച്ചപ്പ് തുറന്നുകൊടുത്തത്. വലത് കരം കൊണ്ട് ദാനം ചെയ്യാനും എന്നാൽ അത് ഇടത് കരം അറിയാതെ വേണമെന്നുമുളള നബി വചനം പാലിച്ചുകൊണ്ടായിരുന്നു സഹായധനം കൈമാറിയത്. പബ്ലിസിറ്റിയും കൊട്ടിഘോഷിക്കലുമില്ലാതെ എൺപതിനായിരം രൂപ കൈമാറി സാന്ത്വനത്തിൻറ്റെ നല്ല വാക്കുകൾ ചൊരിഞ്ഞ് അവർ കടന്നു പോകുന്നത് ആ കുടുംബങ്ങൾ നിശബ്ദം നോക്കിനിന്നു.എരുമേലിയിൽ ദുരിതച്ചുഴിയിലായ പല വീടുകളിലും ഇതിനോടകം സഹായധനം നൽ കിയിട്ടുളള അസോസിയേഷൻറ്റെ പ്രവർത്തനങ്ങളേറെയും ജീവകാരുണ്യ സേവനമാണ്.  അൻസാരി പാടിക്കൽ, ഹാരിസ് താഴത്തുവീട്, ലത്തീഫ് കാട്ടൂർ, ബാബു തോമസ്, സണ്ണി തോമസ്, റാഫി എന്നിവരടങ്ങിയ അസോസിയേഷൻ പ്രതിനിധി സംഘമാണ് കഴിഞ്ഞ ദിവസം സഹായധനം കൈമാറാനെത്തിയത്.

ബഷീർ താഴത്തുവീട്ടിൽ രക്ഷാധികാരിയും ഷാജി കണ്ണന്താനം പ്രസിഡൻറ്റും മുഹമ്മദ് ഷാ റസാഖ് സെക്കട്ടറിയും ജിന്ന പാടിക്കൽ ട്രഷറാറുമായി പ്രവർത്തിക്കുന്ന അസോസിയേഷൻറ്റെ മറ്റ് ഭാരവാഹികൾ ബാബു തോമസ് ( വൈസ് പ്രസിഡൻറ്റ്), ഷാജി മുഹമ്മദ് ( ജോയിൻറ്റ് സെക്കട്ടറി) എന്നിവരാണ്.