കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം സ്പോര്‍ട്സ് സ്‌കൂളിന്റെ പൂര്‍ത്തീകരണം യാഥാര്‍ഥ്യമാകുന്നതിന്റെ ഭാഗമായി ഉന്നതതല സംഘം പരിശോധന നടത്തിയതായി ഡോ. എന്‍. ജയരാജ് എംഎല്‍എ  അറിയിച്ചു. 2018-19ലെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കാന്‍ അനുമതി ലഭിച്ച പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ്  ടി. പി. ദാസന്‍, സ്പോര്‍ട്സ് ഡയറക്ടര്‍ സഞ്ജയകുമാര്‍, പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ ചാക്കോ തോമസ്, കിറ്റ്കോ എന്‍ജിനിയര്‍മാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

നിലവിലുള്ള കുന്നുംഭാഗം സ്‌കൂളിന്റെ കൈവശമുള്ള അഞ്ചരയേക്കറോളം വരുന്ന സ്ഥലത്താണ് സ്പോര്‍ട്സ് സ്‌കൂള്‍ സ്ഥാപിക്കുന്നത്. പുതിയ കെട്ടിടത്തില്‍ നിലവിലുള്ള എല്‍പി സ്‌കൂളിന്റെ ഒന്നു മുതല്‍ നാലു വരെ ക്ലാസുകളും ഹൈസ്‌കൂളിന്റെ  അഞ്ചു മുതല്‍ 10 വരെ ക്ലാസുകളും സ്പോര്‍ട്‌സ് സ്‌കൂളിന്റെ ഏഴു മുതല്‍ 10 വരെ ക്ലാസുകളും നടത്തത്തക്ക വിധത്തിലാണ് പദ്ധതി രൂപകല്‍പന ചെയ്തിരിക്കുന്നത്.  പദ്ധതിയുടെ ഭാഗമായി ഹാഫ് ഓപ്പണ്‍ ഇന്‍ഡോര്‍ സ്റ്റേഡിയം, വോളിബോള്‍ കോര്‍ട്ട്, സ്വിമ്മിംഗ് പൂള്‍, സിന്തറ്റിക് ട്രാക്ക്, സ്പോര്‍ട്സ് സ്‌കൂളിലെ കുട്ടികള്‍ക്ക് താമസിക്കുന്നതിനുള്ള ഹോസ്റ്റല്‍ എന്നിവയുള്‍പ്പെടെ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയുടെ  വിശദമായ എസ്റ്റിമേറ്റ് തയാറാക്കാന്‍ കിറ്റ്കോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

20 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് നിലവിലുള്ള സ്‌കൂള്‍ മാറ്റി സ്ഥാപിക്കുന്നതിന് എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ച് പണി പൂര്‍ത്തിയായി വരുന്നു. ഭാവിയിലെ മികച്ച കായികതാരങ്ങളെ വാര്‍ത്തെടുക്കാനുള്ള ഈ പദ്ധതി ഗതിവേഗം നല്‍കി യാഥാര്‍ഥ്യമാക്കാന്‍ പ്രത്യേക പരിഗണന നല്‍കി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ അറിയിച്ചു.