കാഞ്ഞിരപ്പള്ളി: സഹജീവികളുടെ ജീവനായി കാഞ്ഞിരപ്പള്ളിയും പ്രത്യാശയുമായി കൈകോര്‍ക്കുന്നു. നിര്‍ധന കുടുംബങ്ങളിലെ രണ്ടുപേരുടെ ജീവനുവേണ്ടിയാണ് കാഞ്ഞിരപ്പള്ളിക്കാരും ഒരുമിക്കുന്നത്. നിരവധി സ്ഥലങ്ങളില്‍ ഇത്തരത്തില്‍ ഫണ്ട് ശേഖരണം ഫാ. സെബാസ്റ്റിയന്‍ പുന്നശേരി നേതൃത്വം നല്‍കുന്ന ചങ്ങനാശേരി പ്രത്യാശ ടീമിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. ഇതെല്ലാം ജനങ്ങള്‍ ഹൃദയപൂര്‍വമാണ് സ്വീകരിച്ചത്. ഇങ്ങനെ നിരവധിപ്പേരാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്.

മഞ്ഞപ്പള്ളി കുറ്റുവേലില്‍ പരേതനായ ചന്ദ്രന്റെ മകന്‍ സനല്‍ (25), മാനിടുംകുഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന ടാപ്പിംഗ് തൊഴിലാളി ബെന്നി തോമസിന്റെ മകള്‍ അനുമോള്‍(23) എന്നിവരുടെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടിയാണ് പഞ്ചായത്തുതല ജീവന്‍ രക്ഷാ സമിതി രൂപീകരിച്ചത്.

രണ്ടര വയസിലാണ് അനുമോളുടെ ഹൃദയത്തില്‍ സുഷിരങ്ങള്‍ ഉള്ളതായി കണെ്ടത്തിയത്. അന്നു മുതല്‍ ചികിത്സ നടത്തിവന്നെങ്കിലും പിന്നീട് ശ്വാസകോശത്തെയും രോഗം തകരാറിലാക്കി. പ്ലസ് ടുവിന് 60 ശതമാനം മാര്‍ക്കോടെ വിജയിച്ച അനുമോള്‍ക്ക് ഡിഗ്രിക്ക് ചേര്‍ന്നെങ്കിലും പഠനം തുടരാന്‍ രോഗാവസ്ഥ അനുവദിച്ചില്ല.

നടകള്‍ കയറാനും അധികം നടക്കാനും കഴിയാത്ത അവസ്ഥയിലായ അനുമോളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഹൃദയവും ശ്വാസ കോശവും മാറ്റി വയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിരിക്കുന്ന അനുവിന്റെ ഹൃദയവും ശ്വാസ കോശവും മാറ്റിവയ്ക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് പേരു രജിസ്റ്റര്‍ ചെയ്തു.

ശസ്ത്രക്രിയയ്ക്കും തുടര്‍ ചികില്‍സയ്ക്കുമായി 30 ലക്ഷം രൂപ ആവശ്യമാണ്. പുറമ്പോക്കിലായിരുന്നു കഴിഞ്ഞയിടെ വരെ ബെന്നിയും കുടുംബവും താമസിച്ചിരുന്നത്. എന്നാല്‍ അനുമോള്‍ക്ക് പൊടിയുടെ ശല്യവും മറ്റും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍മാര്‍ കര്‍ശനമായി നിര്‍ദേശിച്ചിരിക്കുന്നതിനാല്‍ ദുരിതത്തിനിടയിലും ബെന്നി വാടകവീട്ടിലേക്ക് മാറുകയായിരുന്നു.

രണ്ടര മാസം മുമ്പാണ് സനലിന്റെ രോഗം കണെ്ടത്തിയത്. ഇരു കാലുകളിലും നീരുവന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരു വൃക്കകളും തകരാറിലായതായി കണെ്ടത്തിയത്. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സനല്‍ ചന്ദ്രന് അമ്മ ഓമന വൃക്ക നല്‍കാന്‍ തയാറാണ്. പിതാവ് മരിച്ചു പോയി. സഹോദരിയും ഭാര്യയും മൂന്നു വയസുള്ള കുഞ്ഞുമുള്ള സനല്‍ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. ടിവി മെക്കാനിക്കും ഡ്രൈവറുമായിരുന്ന സനലിന്റെ രോഗം തളര്‍ത്തിയ കുടുംബത്തെ ഓമന കൂലിപ്പണി ചെയ്താണ് പോറ്റുന്നത്.

ഇരുവരുടെയും ചികില്‍സയ്ക്കാവശ്യമായ 40 ലക്ഷം രൂപ കണെ്ടത്തുന്നതിന് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ജീവന്‍ രക്ഷാ സമിതി രൂപീകരിച്ച് 27ന് രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് രണ്ടു വരെയുള്ള സമയത്ത് പൊതുജനങ്ങളില്‍ നിന്നു തുക സമാഹരിക്കുകയാണ് സമിതിയുടെ ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷെമീര്‍ ചെയര്‍മാനായും അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ ജനറല്‍ കണ്‍വീനറുമായുള്ള സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ കമ്മിറ്റി അംഗങ്ങളാണ്