വിവാഹദിനം വധുവരന്‍മാര്‍ പാടിയ പാട്ട് ഏതാനും ദിവസങ്ങള്‍കൊണ്ട് സമൂഹമാധ്യങ്ങളിലുള്‍പ്പെടെ വൈറലായി. സല്‍ക്കാരത്തില്‍ പങ്കെടുക്കുകയായിരുന്ന പ്രശസ്ത സിനിമാ സംവിധായകനാകട്ടെ പാട്ട് കേട്ടപാടെ തന്റെ അടുത്ത സിനിമയിലേയ്ക്ക് ഓഫറും നല്‍കി. ഏതായാലും വിവാഹം കൊണ്ടുവന്ന അപ്രതീക്ഷിത സമ്മാനങ്ങളുടെ സന്തോഷത്തിലാണ് കാഞ്ഞിരപ്പള്ളി സ്വദേശികളായ അനൂപും ലാലുവും.

ആലോചനകള്‍ തുടങ്ങിയപ്പോഴെ ഇരുവരും ഒറ്റ ഡിമാന്‍ഡെ വച്ചുള്ളു. പങ്കാളിയ്ക്ക് അല്‍പസ്വല്‍പം സംഗീതവാസനയൊക്കെ വേണം. കുടംബങ്ങള്‍ തമ്മിലുള്ള പരിചയം വിവാഹത്തിലേയ്ക്ക് എത്തിയതോടെ ഈ ആഗ്രഹവും സഫലമായി. അതുകൊണ്ട് പുതിയ ജീവിതത്തിന്റെ തുടക്കവും സംഗീതമമയമാക്കാമെന്ന് വച്ചു.

പാരന്പര്യവഴിയില്‍ കിട്ടിയ സംഗീതം തന്നെയായിരുന്നു ഇരുവരുടെയും കൈമുതല്‍. അതുകൊണ്ട് സംഗീതം പഠിക്കണമെന്ന മോഹവുമായി ഗുരുവിന്റെ അടുക്കലൊന്നും പോയിട്ടില്ല. ക്വയറിലെ പരിചയസന്പത്ത് ഇവിടെ തുണയായായി. തിരക്കിനിടയില്‍ ഒരു റിഹേഴ്‌സലിനുള്ള അവസരം പോലും ലഭിച്ചിരുന്നില്ല. ഇംഗ്ലീഷ് അധ്യാപികയായ ലാലു, ഒറ്റപാട്ടുകൊണ്ട് കോളജിലും താരമായി

അനൂപിനെയും ലാലുവിനെയും താരങ്ങളാക്കിയ പാട്ട്, ഭദ്രന്‍ സംവിധാനം ചെയ്ത പൂമുഖപടിയില്‍ നിന്നെയും കാത്ത് എന്ന ചിത്രത്തിലെയായിരുന്നു. വിവാഹ വിരുന്നിനെത്തിയവര്‍ക്കൊപ്പം സംവിധായകന്‍ ഭദ്രനുമുണ്ടായിരുന്നു. പക്ഷെ ഇതിലും വലിയ ഒരു സര്‍പ്രൈസ് മറ്റൊന്നായിരുന്നു.

ഇത്രയുമൊക്കെയായ സ്ഥിതിയ്ക്ക് ഇനി അല്‍പം സംഗീതം പഠിച്ചേക്കാമെന്ന് തന്നെയാണ് ഇരുവരുടെയും തീരുമാനം. പൂമുഖപടിയിലൂടെ ആ പാട്ടുകള്‍ ഇനിയും ഒഴുകിയിറങ്ങട്ടെ.