മുക്കൂട്ടുതറ: പത്ത് വയസുകാരി പെണ്‍കുട്ടി മുതൽ 65 വയസുളളവർ ഉൾപ്പടെ 44 വനിതകൾ സ്വന്തം മുടി മുറിച്ച് അർബുദരോഗികൾക്കായി സമർപ്പിച്ച് സാന്ത്വനത്തിന്‍റെ സ്നേഹം പകർന്നു. കേശദാനം നടത്താനെത്തിയവരിൽ പ്രായം കുറഞ്ഞ പത്ത് വയസുകാരിയുടെ മുടി മുറിച്ചത് ഉദ്ഘാടനം നിർവഹിച്ച ആന്‍റോ ആന്‍റണി എംപി യായിരുന്നു.


മാരകമാകുന്ന കാൻസർ രോഗങ്ങളെ തോൽപ്പിക്കാൻ പ്രചോദനമായി മാറുന്ന ചരിത്ര നിമിഷങ്ങൾ കൂടിയായിരുന്നു ഇന്നലെ മുക്കൂട്ടുതറയിൽ. രോഗത്തിൽ നിന്ന് കരകയറാൻ മാർഗങ്ങളും മനോധൈര്യമേറുന്നതുമൊക്കെ വിവരിച്ച ബോധവത്ക്കരണ ക്ലാസിൽ നൂറ് കണക്കിനാളുകളാണ് പങ്കെടുത്തത്. നിരവധി കാൻസർ രോഗികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വന്ന കോട്ടയം മെഡിക്കൽ കോളജ് കാൻസർ ചികിത്സാ വിഭാഗം മേധാവി ഡോ.സുരേഷ് കുമാറിനെ ആദരിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്.


സംസ്ഥാനത്ത് ഇതുവരെ കേശദാനം നടന്നതിൽ ഏറ്റവും പ്രായം കൂടിയവർ എന്ന ബഹുമതി കൂടി മുക്കൂട്ടുതറക്ക് ഇന്നലെ സ്വന്തമായി. 65 വയസുളള പാറക്കുളം മേരിക്കുട്ടി ജോസഫ്, വട്ടംതൊട്ടിയിൽ ആലീസ് എന്നിവരാണ് കേശദാനത്തിൽ പ്രായത്തിന്‍റെ റിക്കാർഡ് തിരുത്തിയത്. ഇരുവരെയും ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.


62 വയസുളള ഒരു വനിതയുടേതായിരുന്നു ഏറ്റവും പ്രായമുളളയാളുടെ കേശദാനമായി ഇതുവരെയുണ്ടായിരുന്നത്. കാൻസർ തോൽക്കുന്നതിന് ഇത്തരം പ്രചോദന കൂട്ടായ്മകൾ ഇനിയും വർധിക്കണമെന്ന് ആന്‍റോ ആന്‍റണി എംപി പറഞ്ഞു. കാഞ്ഞിരപ്പളളി രൂപതയിലെ 174 ഇടവകകളിൽ കഴിഞ്ഞ രണ്ട് വർഷമായി യുവജന പ്രസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്തുന്ന മുക്കൂട്ടുതറ എസ്എംവൈഎം ആണ് പരിപാടി സംഘടിപ്പിച്ചത്.


മുക്കൂട്ടുതറ സെന്‍റ് തോമസ് പള്ളി പാരിഷ്ഹാളിൽ നടന്ന ചടങ്ങിൽ വികാരി ഫാ.തോമസ് ഞളളിയിൽ അധ്യക്ഷത വഹിച്ചു. ഫാ. രാജേഷ് പുല്ലന്തനാൽ, ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ്, സിജോ അന്പാട്ട്, സിബി പൗലോസ്, പഞ്ചായത്തംഗം പ്രകാശ് പുളിക്കൽ, ടിൻസ് കാക്കനാട്ട്, തോമസുകുട്ടി നന്പ്യാമഠത്തിൽ എന്നിവർ പ്രസംഗിച്ചു.

Attachments area