മുഴുവൻ പരാതികളിലും പൂർണ്ണ തീർപ്പ്, നീതി നടപ്പാക്കൽ ലക്ഷ്യം: മന്ത്രി വി.എൻ. വാസവൻ

കരുതലും കൈത്താങ്ങും കാഞ്ഞിരപ്പള്ളി താലൂക്കുതല അദാലത്ത്

മുഴുവൻ പരാതികൾക്കും തീർപ്പ് നൽകി നീതി നടപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് സഹകരണ- രജിസ്ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള ‘കരുതലും കൈത്താങ്ങും’ കാഞ്ഞിരപ്പള്ളി താലൂക്കുതല അദാലത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. വർഷങ്ങളായി തീർപ്പുകൽപ്പിക്കാത്തതും ഒറ്റപ്പെട്ടതുമായ പല പരാതികൾക്കും കോട്ടയം, ചങ്ങനാശേരി അദാലത്തുകളിൽ തീർപ്പുണ്ടായിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി എന്നിങ്ങനെ എല്ലാമേഖലയിലും സർക്കാർ ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ്. രണ്ടര ലക്ഷം തൊഴിൽ സംരംഭങ്ങൾ ആരംഭിച്ച് വ്യവസായ മേഖലയിലും മുന്നേറ്റം ആരംഭിച്ച് കഴിഞ്ഞു.

സംസ്ഥാന സർക്കാരിന്റെ ആദ്യ മന്ത്രിസഭ തീരുമാനങ്ങളിൽ ഒന്ന് അതിദരിദ്രർ ഇല്ലാത്ത നാടായി കേരളത്തെ മാറ്റുമെന്നായിരുന്നു. അതിദാരിദ്ര്യം ഇല്ലാതാക്കാനായി സർക്കാർ നടപ്പാക്കിയ ദത്തെടുക്കൽ ആദ്യം പൂർത്തിയാക്കിയത് കോട്ടയം ജില്ലയാണെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പ്രകടന പത്രികയിൽ പറഞ്ഞ 900 കാര്യങ്ങളിൽ 800 പൂർത്തിയായിട്ടുണ്ട്. ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ മാർഗവും അദാലത്തുകളിൽ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പൊൻകുന്നം മഹാത്മാ ഗാന്ധി ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.

സർക്കാർ ചീഫ് ഡോ. എൻ. ജയരാജ്, അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ എ, ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആർ ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ശുഭേഷ് സുധാകരൻ, പഞ്ചായത്തംഗങ്ങളായ ടി.എൻ. ഗിരീഷ് കുമാർ, പി.ആർ. അനുപമ, ഗ്രാമ പഞ്ചായത്തംഗം ശ്രീലത സന്തോഷ്, എൽ.എ ഡെപ്യൂട്ടി കളക്ടർ മുഹമ്മദ് ഷാഫി, ആർ.ഡി.ഒ. വിനോദ് രാജ്, കാഞ്ഞിരപ്പള്ളി തഹസീൽദാർ ബെന്നി മാത്യു എന്നിവർ പ്രസംഗിച്ചു