മുണ്ടക്കയം:  പള്ളികള്‍ കേന്ദ്രീകരിച്ചു മോഷണം നടത്തിവന്ന കേസില്‍ പോലീസ് പിടിയിലായ യുവതിയെ റിമാന്‍ഡു ചെയ്തു. പീരുമേട് പട്ടുമല കിഴക്കേതാഴെയില്‍ കൃഷ്ണന്റെ ഭാര്യ മഞ്ജു(സാലമ്മ-39)വിനെയാണ് പെരുവന്താനം എസ്‌ഐ പ്രശാന്ത് പി. നായരുടെ നേതൃത്വത്തില്‍ പിടികൂടി കോടതിയില്‍ ഹാജരാക്കിയത്.കഴിഞ്ഞ ദിവ സം വൈകുന്നേരം ആറോടെ പെരുവന്താനം സെന്റ് ജോസഫ് ദേവാലയത്തില്‍ നടത്തിയ മോഷണ ശ്രമത്തിനിടയിലാണ് യുവതിയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളും പിടിയിലായത്.പോലീസ് ചോദ്യം ചെയ്തതോടെ മുമ്പ് നിരവധി മോഷണങ്ങള്‍ നടത്തിയതായി യുവതി സമ്മതിച്ചു. അടുത്തിടെ ചെങ്ങളം പളളിയിലും പൊന്‍കുന്നം, പട്ടുമല, കുമളി അട്ടപ്പളം എന്നീ പള്ളികളിലും ഇവര്‍ മോഷണം നടത്തിയതായും ഇവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കുമളി അട്ടപ്പള്ളം പള്ളിയില്‍ നിന്ന് മോഷ്ടിച്ചതാണെന്നും കണ്ടെത്തി.

യുവതിയെ 14 ദിവസത്തേക്കു കോടതി റിമാന്‍ഡ് ചെയ്തു. ഒപ്പമുണ്ടായിരുന്ന 17, ആറ് വയസ് പ്രായമുളള കുട്ടികളെ തൊടുപുഴ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിമുഖാന്തിരം തിരുവഞ്ചൂരിലുളള കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിലേക്കുമാറ്റി.