മലയാള സിനിമയുടെ അഭിമാനവും ആത്മവിശ്വാസവുമായിരുന്നു തിലകന്‍. തിരശീലയിലെ അഭിനയയിടങ്ങളുടെ സാധ്യതയും ചാരുതയും അറിയിച്ചാണ് അദ്ദേഹം അരങ്ങൊഴിഞ്ഞത്.

എവിടെയും തലകുനിക്കാത്ത പോരാളിയായിരുന്നു തിലകന്‍. സാധാരണഗതിയില്‍ ഒരു നടനെ പരീക്ഷിക്കുന്ന കഥാപാത്രങ്ങളെ അതുകൊണ്ടാണ് അദ്ദേഹത്തിന് അനായാസം തോല്‍പിക്കാന്‍ കഴിഞ്ഞത്. ഒരു മികച്ച നടനുമാത്രം കഴിയാവുന്നവിധം അദ്ദേഹം തന്റെ ഓരോ കഥാപാത്രത്തിനും അപൂര്‍വമായ ഉയിരും മിഴിവും പകര്‍ന്ന് അവരെ സിനിമാ ചരിത്രത്തിന്റെ താളുകളിലെത്തിച്ചു. തിലകന്‍ ജീവന്‍പകരാത്ത അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ പേരോര്‍മിക്കാന്‍ പറഞ്ഞാല്‍ മലയാളിക്ക് ഉത്തരംമുട്ടുമെന്നുറപ്പ്. സ്വയം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത തന്റെ അഭിനയവിദ്യാലയത്തെ വളര്‍ത്തി വലുതാക്കി തിലകന്‍ എപ്പോഴും മനസ്സില്‍ കൊണ്ടുനടന്നു. സിനിമയിലേക്കെത്തുന്ന പുതുമുറക്കാര്‍ക്കു താന്‍ പഠിച്ച പാഠങ്ങള്‍ സ്നേഹത്തോടെ ചൊല്ലിക്കൊടുത്തു. മുന്നിലിരിക്കുന്ന മഹാനടന്റെ ഉള്ളിലെ സമ്പന്നമായ അഭിനയ സര്‍വകലാശാല വിസ്മയാദരം അവര്‍ അപ്പോള്‍ തിരിച്ചറിഞ്ഞു.

രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ നാടകത്തട്ടില്‍ കയറിയ ആ കുട്ടിയില്‍ നിന്ന് ‘ഉസ്താദ് ഹോട്ടലി’ലെ കരീംക്ക എന്ന കഥാപാത്രത്തിലേക്കുള്ള ദൂരം മലയാള ചലച്ചിത്രചരിത്രം കണ്ട വലിയ നടന്മാരിലൊരാളുടെ അഭിനയ നവീകരണ ചരിത്രം കൂടിയാണ്. കടലിരമ്പം മുഴങ്ങുന്ന ശബ്ദത്തില്‍, കൃത്യവും വ്യക്തവുമായ ശരീരഭാഷയില്‍, ഭാവങ്ങളുടെ സ്വര്‍ണശുദ്ധിയില്‍ ആ നടന്‍ തന്റെ കഥാപാത്രങ്ങളുടെയൊക്കെയുള്ളില്‍ സുരേന്ദ്ര നാഥ തിലകന്‍ എന്ന കയ്യൊപ്പുചാര്‍ത്തി. സിനിമയുണ്ടായ കാലംതൊട്ടു പലരും പലവട്ടം അവതരിപ്പിച്ച ഭാവങ്ങളായ വാല്‍സല്യവും സ്നേഹവും പരിഭവവും ക്രൂരതയും പകയും തോല്‍വിയും ജയവുമൊക്കെ ആ തിലകമണിഞ്ഞു തിരശീലയിലെത്തുമ്പോള്‍ അതുവരെ കാണാത്ത രീതിയില്‍ വ്യത്യസ്തമാകുന്നതും നാം കണ്ടു.

സിനിമാശാലകളുടെ വിങ്ങലാക്കാന്‍ കഴിഞ്ഞ ‘പെരുന്തച്ചന്‍’, ‘മൂന്നാംപക്കം’ കടലുറപ്പിച്ച വലിയ നഷ്ടത്തിന്റെ കൈപിടിച്ച് ആഴങ്ങളിലേക്കു കാലുപതറാതെ ഇറങ്ങിച്ചെല്ലുന്ന മുത്തച്ഛന്‍, സങ്കടവിധികളുടെ ‘കിരീട’വും ‘ചെങ്കോലു’മണിയേണ്ടി വന്ന മകനുവേണ്ടി അശാന്തം തുടിച്ച അച്ഛന്‍, ഏതോ കണക്കുപുസ്തകത്തില്‍ ജീവിതം ‘സ്ഫടിക’തുല്യം പ്രകാശിക്കുന്നതും വീണുടയുന്നതും കാണേണ്ടിവന്ന ചാക്കോ മാഷ്… തിലകന്റെ ഭാവഗരിമയാര്‍ന്ന കഥാപാത്രങ്ങള്‍ ഒരു വെറുംപട്ടികയില്‍ ഒതുക്കാനാവുന്നതെങ്ങനെ? സിനിമയിലേക്കുള്ള തിരിച്ചുവരവ് ഒരു നടന് എത്ര ഗംഭീരമാക്കാമെന്നും അദ്ദേഹം പ്രേക്ഷകനെ അറിയിച്ചു. നിശബ്ദതയുടെ ഇടവേളയില്‍ നിന്നു ഭാവഗാംഭീര്യത്തോടെ വീണ്ടും ‘ഇന്ത്യന്‍ റുപ്പി’യില്‍ സ്‌ക്രീനിലെത്തിയപ്പോള്‍ ‘ഇത്രയുംകാലം എവിടെയായിരുന്നു?’ എന്നു സഹകഥാപാത്രം ചോദിച്ചത് ആ തിരിച്ചുവരവിന്റെ സാര്‍ഥകമായ മുദ്രാവാചകം തന്നെയാവുകയും ചെയ്തു.

കഠിനമായ കലഹവും അതിലും കഠിനമായ സ്നേഹവുംകൊണ്ട് എഴുതിയ ആത്മകഥയാണു തിലകന്റേത്. അഭിനയം പ്രഥമമായും അവനവന്റെ ആനന്ദമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു; അതു കാഴ്ചക്കാരനിലേക്കു പകരാനാവുന്നതാണു കലാകാരന്റെ സാഫല്യമെന്നും. വേഷമിട്ടയാള്‍ മടങ്ങിയാലും വേഷങ്ങള്‍ ചിരകാലം നിലനില്‍ക്കുമെന്നു തിലകന്‍ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് അദ്ദേഹം സ്വന്തം അഭിനയജീവിതത്തിന്റെ സത്യമാക്കി; സൗന്ദര്യവുമാക്കി.പി.ജെ. ആന്റണി സംവിധാനം ചെയ്ത ‘പെരിയാര്‍’ എന്ന ചിത്രത്തിലൂടെയാണ് 1973ല്‍ സുരേന്ദ്രനാഥ തിലകന്‍ എന്ന തിലകന്‍ ആദ്യമായി സിനിമയില്‍ എത്തുന്നത്. ഇരുനൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ടു. 1981ല്‍ ഇറങ്ങിയ ‘കോലങ്ങളി’ലെ ‘കള്ള് വര്‍ക്കി’ എന്ന കഥാപാത്രമാണു തിലകനെ കാമ്പുള്ള വേഷങ്ങളിലേക്കു നയിച്ചത്. യവനിക, ഗമനം, കാട്ടുകുതിര, ജാതകം, ഋതുഭേദം, പെരുന്തച്ചന്‍, തനിയാവര്‍ത്തനം, സന്താനഗോപാലം, മൂന്നാംപക്കം, കിരീടം, സ്ഫടികം, കിലുക്കം എന്നിവ തിലകന്റെ അഭിനയപ്രതിഭ തെളിയിച്ച ചിത്രങ്ങളാണ്.

1988ല്‍ ഋതുഭേദം അദ്ദേഹത്തെ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരത്തിനും 2007ല്‍ ‘ഏകാന്തം’ ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹനാക്കി. രണ്ടു തവണ (1990 ല്‍ പെരുന്തച്ചന്‍, 1994ല്‍ ഗമനം, സന്താനഗോപാലം) മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. പെരുന്തച്ചനായുള്ള അദ്ദേഹത്തിന്റെ പ്രകടനം ദേശീയ അവാര്‍ഡിന് അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ടെങ്കിലും ഒടുവില്‍ അമിതാഭ് ബച്ചനാണ് അവാര്‍ഡ് ലഭിച്ചത്.</p>

മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് ഏഴുതവണയാണു തിലകനു ലഭിച്ചത്. 2005ല്‍ സമഗ്ര സംഭാവനയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. 2009ല്‍ പത്മശ്രീ ബഹുമതി നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. മികച്ച സഹനടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും (ഇന്ത്യന്‍ റുപ്പി) നേടി.
മക്കള്‍: ഷാജി, ഷമ്മി, ഷോബി, ഷിബു, സോണിയ, സോഫിയ. ഇതില്‍ ഷമ്മിയും ഷോബിയും ചലച്ചിത്ര താരങ്ങളാണ്.