വിദേശത്തിരുന്ന് ജ്യോത്സന സമ്മതമറിയിച്ചപ്പോൾ വീഡിയോ കോൺഫറൻസിലൂടെ വിവാഹ രജിസ്ട്രേഷൻ എരുമേലിയിൽ.

എരുമേലി : ഇറ്റലിക്കടുത്ത് മാൾട്ടയിൽ ജോലി സ്ഥലത്തിരുന്ന് തിരുവനന്തപുരം സ്വദേശിനിയായ ജ്യോത്സന എന്ന നേഴ്സ് യുവതി എരുമേലി ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിയെ മുഖാമുഖം നോക്കി പറഞ്ഞു ” അതെ സർ, ഞാൻ ജ്യോത്സനയാണ്, സാറിന്റെ തൊട്ടടുത്ത് നിൽക്കുന്നത് എന്റെ ഭർത്താവ് ലിജിൻ ആണ്. ഞങ്ങൾ തമ്മിലുള്ള വിവാഹം കഴിഞ്ഞ ഫെബ്രുവരി ഒന്നിന് മുക്കൂട്ടുതറ പ്രപ്പോസ് സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ പള്ളിയിൽ വെച്ച് കഴിഞ്ഞതാണ്. ഇപ്പോൾ എനിക്ക് വേണ്ടി ഒപ്പിടാൻ എന്റെ പിതാവ് ആണ് ലിജിനോടൊപ്പമുള്ളത് “. ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി കിട്ടിയതിന്റെ സന്തോഷത്തോടെ പഞ്ചായത്ത്‌ സെക്രട്ടറി പി എ നൗഷാദ് ലാപ്ടോപ് ഓഫാക്കി. തുടർന്ന് മേശപ്പുറത്തിരുന്ന രജിസ്ട്രേഷൻ ഫോറത്തിൽ ലിജിനും ജ്യോത്സനയുടെ പിതാവും ഒപ്പ് വെച്ചു. ഭാര്യ വിദേശത്തും ഭർത്താവ് നാട്ടിലുമായ നവദമ്പതികളുടെ വിവാഹ രജിസ്ട്രേഷൻ അതോടെ യാഥാർഥ്യമാവുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വീഡിയോ കോൺഫറൻസ് വഴി അപൂർവമായി മാത്രം നടത്തുന്ന വിവാഹ രജിസ്‌ട്രേഷൻ എരുമേലി പഞ്ചായത്ത് ഓഫീസിൽ നടന്നത്. മാസങ്ങൾക്ക് മുമ്പ് പള്ളിയിൽ വെച്ച് ഇരുവരുടെയും വിവാഹം ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ നടന്നതാണെങ്കിലും ഒരാഴ്ച കഴിഞ്ഞപ്പോൾ വധുവിന് വിദേശത്ത് ജോലിയിൽ പ്രവേശിക്കേണ്ടിവന്നു. വിവാഹ രജിസ്‌ട്രേഷൻ ആക്ട് പ്രകാരം വരനും വധുവും നേരിട്ട് ഹാജരായി വേണം വിവാഹം രജിസ്റ്റർ ചെയ്യേണ്ടത്. വധു വിദേശത്താണെങ്കിൽ വിവാഹ രജിസ്‌ട്രേഷൻ നടത്താൻ ഹൈക്കോടതിയുടെ അനുമതി വേണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. ഇരുവർക്കും കോടതി അനുമതി നൽകിയെങ്കിലും കടമ്പകൾ തീർന്നില്ല. മാൾട്ട യിലെ എംബസി മുഖേനെ ജ്യോത്സന തനിക്ക് പകരം രജിസ്ട്രേഷനിൽ ഒപ്പ് വെക്കാൻ പിതാവിനെ അധികാരപ്പെടുത്തി പവർ ഓഫ് അറ്റോർണി നൽകേണ്ടിവന്നു. തിരുവനന്തപുരം വികാരിപ്പറമ്പിൽ എബ്രഹാം – ഫിലോമിന ദമ്പതികളുടെ മകളാണ് ജ്യോത്സന.ഭർത്താവ് ലിജിൻ പണപിലാവ് അരക്കനാക്കുഴി തോമസ് – അന്നമ്മ ദമ്പതികളുടെ മകനും മുക്കൂട്ടുതറ സ്നേഹ സ്വാന്തനം ചാരിറ്റബിൾ ട്രസ്റ്റിന്റെ സെക്രട്ടറിയുമാണ്. കോടതി അനുമതിയും സങ്കീർണമായ നടപടിക്രമങ്ങളും വേണമെന്നുള്ളതിനാൽ വിഡിയോ കോൺഫറൻസ് വിവാഹ രജിസ്‌ട്രേഷൻ അപൂർവമായാണ് നടക്കാറുള്ളത്.