മികച്ച വില്ലേജോഫീസർക്കുള്ള സംസ്ഥാന സർക്കാരിൻ്റെ അംഗീകാരം തേടിയെത്തി യതിൻ്റെ സന്തോഷത്തിലാണ് കാഞ്ഞിരപ്പള്ളി വില്ലേജോഫീസർ വി എം സുബൈർ. വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്ന് ഇദ്ദേഹം അംഗീകാരം ഏറ്റുവാങ്ങും.

സർട്ടിഫിക്കറ്റുകളുടെ വിതരണം ,റവന്യൂ റിക്കവറി, കെ ടി ട നികുതിദൂനികുതി പിരിവ് തുടങ്ങിയ വിവിധ മേഖലകളിലെ പ്രവർത്തനം വിലയിരുത്തിയാണ് വി എം സുബൈറിനെ മികച്ച വില്ലേജോഫീസറായി തെരഞ്ഞെടുത്തത്. ജില്ലയിൽ ഇദ്ദേഹമുൾപ്പെടെ മൂന്ന് വില്ലേജോഫീസർമാരെയാണ് സംസ്ഥാന സർക്കാരിൻ്റെ അംഗീകാരം തേടിയെത്തിയിരിക്കുന്നത്.വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് തിരുവനന്തപുരം വിജെടി ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് സുബൈർ അംഗീകാരം ഏറ്റുവാങ്ങും. സർക്കാരിൻ്റെ അംഗീകാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി നിരവധി പേരിലേയ്ക്ക് സഹായമെത്തിക്കാൻ കഴിഞ്ഞതാണ് ഔദ്യോഗിക ജീവിത ഏറ്റവും അഭിമാനകരമായ മുഹൂർത്തമെന്നും അദ്ദേഹം പറഞ്ഞു.

മുണ്ടക്കയം വണ്ടൻപതാൽ സ്വദേശിയായ സുബൈർ പതിനെട്ട് വർഷമായി സർക്കാർ സർവ്വീസിലുണ്ട്.കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിൽ എൽ.ഡി.ക്ലർക്കായാണ് ജോലിയിൽ പ്രവേശിച്ചത്. വില്ലേജോഫീസറായി സേവനമാരംഭിച്ചത് പീരുമേട് വില്ലേജിൽ നിന്നുമാണ്.തുടർന്ന് കഴിഞ്ഞ 3വർഷമായി ഇടുക്കി കോട്ടയം ജില്ലകളിലെ വിവിധ വില്ലേജുകളിൽ വില്ലേജോഫീസറായി സേവനമനുഷ്ഠിച്ചു.ഇക്കാലയളവിൽ വിവിധ അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി. 2016-17 ൽ കോരുത്തോട് സ്പഷ്യൽ വില്ലേജോഫീസറായിരിക്കെ താലൂക്ക്തലത്തിൽ റവന്യൂ റിക്കവറിക്ക് പുരസ്ക്കാരം ലഭിച്ചു .20017 ൽ ഭരണഭാഷാ പുരസ്ക്കാരവും സുബൈറിനെ തേടിയെത്തി. കയ്യേറ്റമൊഴിപ്പിക്കുന്നതിനായി രൂപീകരിച്ച മൂന്നാർ ടാസ്ക് ഫോഴ്സിലും പ്രവർത്തിച്ചിട്ടുണ്ട്.സൗഹാർദ്ദ പരമായ പെരുമാറ്റം കൊണ്ട് പൊതുജനങ്ങളുടെയും, സഹപ്രവർത്തകരുടെയും  മനസിലിടം നേടിയ സുബൈർ തനിക്ക് ലഭിച്ച അംഗീകാരവും സമർപ്പിക്കുന്നത് ഇവർക്ക് തന്നെയാണ്.