എരുമേലി : വാഹനങ്ങൾ വാടകയ്ക്കും സ്വകാര്യ ആവശ്യത്തിനും വിൽക്കാനുമെന്ന വ്യാജേനെ വാങ്ങി തമിഴ്നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലും കൊണ്ടുപോയി കൂടിയ വിലയ്ക്ക് പണയപ്പെടുത്തി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ.

കഴിഞ്ഞയിടെ വാഹന മോഷണ കേസിൽ രാമപുരം പോലിസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിലിറങ്ങിയ എരുമേലി കനകപ്പലം രാജീവ് ഭവൻ കോളനിയിൽ വട്ടക്കയം സലിം, കൂട്ടാളികളും എരുമേലി സ്വദേശികളുമായ ആമക്കുന്ന് തോണ്ടുകളത്തിൽ  രാഹുൽ ദാസ്,  പ്രൈവറ്റ് ബസ് സ്റ്റാൻറ്റിന് സമീപം  പനച്ചിയിൽ അജ്മൽ ഖാൻ എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളെ കോടതി രണ്ട് ആഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. എരുമേലി സ്വദേശിയുടെ ബന്ധുവായ ആലപ്പുഴ സ്വദേശിയുടെ മാരുതി സ്വിഫ്റ്റ് കാർ വിവാഹ ആവശ്യത്തിനാ യി മൂന്ന് മാസം മുമ്പ് വാങ്ങിയതിന് ശേഷം തിരികെ കൊടുക്കാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. അന്വേഷണത്തിൽ വാഹനം തമിഴ്നാട്ടിലെ കമ്പത്ത്  കൂടിയ വിലയ്ക്ക് പണയപ്പെടുത്തിയതായാണ് അറിയാൻ കഴിഞ്ഞതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ മണിമല സിഐ റ്റി ഡി സുനിൽ കുമാർ പറഞ്ഞു.മണിമല, ഏറ്റുമാനൂർ, പാലാ, എരുമേലി, പാലാരിവട്ടം സ്റ്റേഷനുകളിൽ സംഘത്തിലെ പ്രധാനിയായ സലിമിൻറ്റെ പേരിൽ വാഹനതട്ടിപ്പ് കേസുകൾ നിലവിലുണ്ടെന്ന് പോലിസ് പറഞ്ഞു. പ്രതികൾക്കെതിരെ വധശ്രമക്കേസുകൾ ഉൾപ്പടെ നിരവധി കേസുകൾ എരുമേലി പോലിസ് സ്റ്റേഷനിൽ നിലവിലുണ്ട്.

സിഐ റ്റി ഡി സുനിൽ കുമാറിൻറ്റെ നേതൃത്വത്തിൽ എസ്ഐ മനോജ് മാത്യു, അഡീ ഷണൽ എസ്ഐ മാരൃയ ഫ്രാൻസിസ്, എം എസ് ഷിബു, ജോയി തോമസ്, എ.എസ്ഐ മാരായ വർഗീസ് കുരുവിള, ജമാൽ മുഹമ്മദ്, സീനിയർ സിവിൽ ഓഫിസർമാരായ കെ എസ് അഭിലാഷ്, റോബി ജോസ് എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.