Colorful vegetables and fruits vegan food in rainbow colors arrangement full frame
പെട്രോളിനും ഡീസലിനും കുറഞ്ഞതു പോലെ പാചക വാതകത്തിനും പിന്നാലെ പച്ചക്കറികള്‍ക്കും വില കുറയുമോ?. അടുക്കള കണക്ക്‌ ടാലിയാക്കാന്‍ ബുദ്ധിമുട്ടുന്ന വീട്ടമ്മമ്മാരുടെ ചോദ്യമാണിത്‌.
പാചക വാതകത്തിനും ഭക്ഷ്യ എണ്ണകള്‍ക്കും മീനിനും പിന്നാലെ പച്ചക്കറികള്‍ക്കും വില കുതിക്കുന്നതാണ്‌ ആശങ്കയ്‌ക്കു കാരണം. രണ്ടാഴ്‌ച മുമ്പ്‌ വരെ 25- 30 രൂപയ്‌ക്കു ലഭിച്ചിരുന്ന തക്കാളി 80-90 രൂപയിലെത്തി. ബീന്‍സ്‌, പയര്‍ എന്നിവയുടെ വില 80 കടന്നു.
പാവയ്‌ക്ക വില 50 രൂപയില്‍ നിന്ന്‌ എഴുപതും വെണ്ടയ്‌്ക്ക 40ല്‍ നിന്ന്‌ അറുപതും കാരറ്റ്‌ വില 50 രൂപയില്‍ നിന്ന്‌ എഴുപതും വരെയെത്തി. ബീറ്റ്‌റൂട്ട്‌ – 40, കോവയ്‌ക്കാ -40, കൂര്‍ക്ക – 80, മാങ്ങ -60, ഏത്തയ്‌ക്ക -70 എന്നിങ്ങനെ പോകുന്നു വില നിലവാരം. എക്കാലവും വില താഴ്‌ന്നു നിന്നിരുന്ന വഴുതനങ്ങയുടെ വില പോലും പലയിടങ്ങളിലും 50 കടന്നു. ജില്ലയിലെ പല ടൗണുകളിലും പച്ചക്കറികള്‍ക്കു 5 മുതല്‍ 20 രൂപ വരെ വിലയില്‍ വ്യത്യാസമുണ്ട്‌. ഒരു സ്‌ഥലത്തു തന്നെ പല കടകളിലും വ്യത്യസ്‌ത നിരക്കുകളിലാണ്‌ വില്‍പ്പന. ഇതര സംസ്‌ഥാനങ്ങളിലെ കനത്ത മഴയെത്തുടര്‍ന്നു പച്ചക്കറിയുടെ വരവു കുറഞ്ഞതാണു വില കൂടാന്‍ കാരണമായി വ്യാപാരികള്‍ പറയുന്നത്‌.
തമിഴ്‌നാട്‌, കര്‍ണാടക, ആന്ധ്രപ്രദേശ്‌ തുടങ്ങിയ സംസ്‌ഥാനങ്ങളിലാണ്‌ കാലം തെറ്റി പെയ്‌ത മഴ കൃഷി നശിപ്പിച്ചത്‌. തക്കാളി, പയര്‍, ബീന്‍സ്‌ കൃഷികളെ വലിയ തോതില്‍ ബാധിച്ചു. ഇവ ഇപ്പോള്‍ ആവശ്യത്തിന്‌ ലഭിക്കുന്നില്ല. തോട്ടങ്ങളില്‍ നിന്നുള്ള പച്ചക്കറികള്‍ ലേലത്തിലെടുത്താണ്‌ കേരളത്തിലേക്കെത്തിക്കുന്നത്‌.
ലഭ്യത കുറവായതിനാല്‍ വലിയ തുകയ്‌ക്കാണ്‌ ലേലത്തിനു പോകുന്നത്‌. ലഭിക്കുന്ന തക്കാളികളില്‍ മോശമായവയും വില ഉയര്‍ന്നതോടെ വില്‍പന ഗണ്യമായി കുറഞ്ഞതായും ഇവര്‍ പറയുന്നു.
വില വര്‍ധനയെത്തുടര്‍ന്നു പല പച്ചക്കറി കടകളിലും കിറ്റ്‌ വില്‍പ്പന വീണ്ടും നിര്‍ത്തി. അഥവാ, വില്‍പ്പനയുണ്ടെങ്കില്‍ തന്നെ കിറ്റിന്റെ തൂക്കത്തിലും കുറവുണ്ടായി.
വിലവര്‍ധന ഹോട്ടലുടമകളെയും പ്രതിസന്ധിയിലാക്കുന്നു. കോവിഡ്‌ സൃഷ്‌ടിച്ച ആഘാതത്തില്‍ നിന്ന്‌ പതിയെ കരകയറുന്നതിനിടെയാണ്‌ പാചകവാതകം, ഇന്ധനം, പച്ചക്കറി തുടങ്ങി എല്ലാറ്റിനും വില കുതിച്ചുയരുന്നത്‌.