തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനംചെയ്ത ദേശീയ പണിമുടക്കില്‍ ജനജീവിതം സ്തംഭിച്ചു. ചൊവ്വാഴ്ച അര്ധരാത്രി 12 മണിക്ക് ആരംഭിച്ച പണിമുടക്ക് ബുധനാഴ്ച രാത്രി 12 വരെയാണ്. സംഘടിത, അസംഘടിത, പരമ്പരാഗത മേഖലയിലെ തൊഴിലാളികള് പങ്കെടുത്തു.

പണിമുടക്ക് ഹര്‍ത്താലാവില്ലെന്നും കടകള്‍ അടപ്പിക്കില്ലെന്നും വാഹനങ്ങള്‍ തടയില്ലെന്നും സമരസമിതി നേതാക്കള്‍ നേരത്തെ ഉറപ്പു തന്നിരുന്നുവെങ്കിലും ശക്തമായ പണിമുടക്കിനാണ് സാക്ഷ്യം വഹിക്കുന്നത്.

ബി.എം.എസ്. ഒഴികെ പത്ത് ദേശീയ തൊഴിലാളി യൂണിയനുകളും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും ബാങ്ക്, ഇന്‍ഷുറന്‍സ്, ബി.എസ്.എന്‍.എല്‍. ജീവനക്കാരുടെയും സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്ക് ആഹ്വാനം ചെയ്തത്. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ബുധനാഴ്ച ഗ്രാമീണ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. അവശ്യസര്‍വീസുകള്‍, ആശുപത്രി, പാല്‍, പത്രവിതരണം, വിനോദസഞ്ചാരമേഖല, ശബരിമല തീര്‍ഥാടനം എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കി.

തൊഴിലാളികളുടെ കുറഞ്ഞവേതനം മാസം 21,000 രൂപയാക്കുക, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തൊഴില്‍നിയമങ്ങള്‍ ഭേദഗതി ചെയ്യരുത് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പണിമുടക്ക്.
കെഎസ്ആര്‍ടിസി- സ്വകാര്യ ബസുകളും ഓട്ടോ ടാക്സി തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുത്തതോടെ സംസ്ഥാനത്തെ റോഡുകളിലെല്ലാം തിരക്കൊഴിഞ്ഞു. നിലയ്ക്കല്‍,എരുമേലി, കോട്ടയം തുടങ്ങി ശബരിമല തീര്‍ത്ഥാടകര്‍ക്കായുള്ള സര്‍വ്വീസുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ കേരളത്തിലെവിടെയും കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്തിയില്ല.

എവിടെയും സ്വകാര്യബസുകളും സര്‍വ്വീസ് നടത്തുന്നില്ല. ഓട്ടോ-ടാക്സി സര്‍വ്വീസുകളും നിശ്ചലമാണ്. പണിമുടക്കിന്റെ ഭാഗമായി കടകള്‍ നിര്‍ബന്ധിപ്പിച്ച് അടക്കില്ലെന്ന് തൊഴിലാളി യൂണിയനുകള്‍ അറിയിച്ചിരുന്നുവെങ്കിലും ഭൂരിപക്ഷം വ്യാപാര സ്ഥാപന ങ്ങളും അടഞ്ഞു കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ശബരിമലയെ പണിമുടക്ക് ഭാഗി കമായി ബാധിച്ചിട്ടുണ്ട്.

മോട്ടോര്‍ വാഹന തൊഴിലാളികളും ബാങ്ക് – ഇന്‍ഷുറന്‍സ്, ബി.എസ്.എന്‍. എല്‍, കേന്ദ്ര -സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ് ജീവനക്കാര്‍, അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരും വ്യാപാരികളും പണിമുടക്കിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപ്പിച്ചതോടെ പണിമുടക്ക് അക്ഷരാര്‍ത്ഥത്തില്‍ ഹര്‍ത്താലായി മാറി. കടകമ്പോളങ്ങള്‍ ഒന്നും തന്നെ തുറന്നില്ല. ചില സ്വകാര്യ വാഹനങ്ങള്‍ ഒഴികെ ഒന്നും തന്നെ നിരത്തിലിറങ്ങിയില്ല.