യു.എ.ഇ. യുടെ ജീവകാരുണ്യ യജ്ഞത്തിന്റെ ഭാഗമായി വൺ ബില്യൺ മീൽസ് പദ്ധതി യുടെ ഭക്ഷ്യോത്പന്നങ്ങൾ വിതരണം ചെയ്തു.
എരുമേലി : യു.എ.ഇ. യുടെ ജീവകാരുണ്യ യജ്ഞത്തിന്റെ ഭാഗമായ വൺ ബില്യൺ മീൽസ് പദ്ധതി (100 കോടി ഭക്ഷണപ്പൊതി പദ്ധതി)യുടെ ഭാഗമായി കുറുമ്പൻമുഴിയിലും  പരിസരപ്രദേശങ്ങളിലെയും 135 കുടുംബങ്ങൾക്ക് ഭക്ഷ്യോത്പന്നങ്ങൾ വിതരണം ചെയ്തു.മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് (എംബിആർജിഐ) സംഘടിപ്പിക്കുന്ന സംരംഭം, കഴിഞ്ഞ വർഷത്തെ ‘100 മില്യൺ മീൽസ്’ കാമ്പെയിനിന്റെ തുടർച്ചയാണ്.  220 ദശലക്ഷം ഭക്ഷണപ്പൊതികളാണ് മുൻ വർഷം  വിതരണം ചെയ്യാനായത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രതികരണത്തെ തുടർന്നാണ് ഒരു ബില്യൺ ഭക്ഷണപ്പൊതികൾ എന്ന പുതിയ ലക്ഷ്യം പ്രഖ്യാപിച്ചത്.യു.എൻ. വേൾഡ് ഫുഡ് പ്രോഗ്രാം, ഫുഡ് ബാങ്കിങ് റീജണൽ നെറ്റ്‌വർക്ക്, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ്, യു.എൻ. ഹൈക്കമ്മിഷണർ എന്നിവയുടെ ഏകോപനത്തോടെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവ്‌സ് പ്രോജക്ടാണ് വൺ ബില്യൺ മീൽസ് സംരംഭത്തിന് തുടക്കമിട്ടത്. മറ്റ് പ്രാദേശിക ചാരിറ്റികളുമായി ചേർന്ന് യു.എൻ. ഹൈകമ്മിഷണർ ഫോർ റഫ്യൂജീസ്, യു.എ.ഇ. ഫുഡ് ബാങ്ക് എന്നിവയും ഇതോടൊപ്പം പ്രവർത്തിക്കുന്നു.2030 ആകുമ്പോഴേക്കും ലോകത്ത് പട്ടിണി ഇല്ലാതാക്കാനുള്ള യു.എൻ. സുസ്ഥിരതാ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പാവങ്ങൾക്ക് നൂറുകോടി ഭക്ഷണപ്പൊതികൾ നൽകുക എന്നതാണ് സംരംഭത്തിലൂടെ യു.എ.ഇ. ലക്ഷ്യമിടുന്നത്.അമ്പത് രാജ്യങ്ങളിലെ അർഹരായവർക്ക് 100 കോടി ഭക്ഷണപ്പൊതികൾ നൽകാനുള്ള യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലുള്ള ജീവകാരുണ്യ പദ്ധതിയിൽ റംസാനിൽ മാത്രമായി 80 കോടിപേർക്ക് ഭക്ഷണമെത്തിച്ചിരുന്നു.
ബാക്കിയുള്ള 20 കോടിയാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.കേരളത്തിലെ വിവിധ ജില്ലകളിൽ ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുന്നത് മലപ്പുറം ജില്ലയിലെ കൽപ്പകഞ്ചേരി ‘തണൽ’ ആണ് .വൺ ബില്യൺ മീൽസ് പദ്ധതിയുടെ കുറുമ്പൻമുഴി ഏരിയ ഉദ്ഘാടനം നാറാണംമൂഴി  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബീന ജോബി  നിർവഹിച്ചു. സലഫി മസ്ജിദ് പ്രസിഡന്റ് പി എൻ ശംസുദ്ദീൻ  അധ്യക്ഷത വഹിച്ചു    വാർഡ് മെമ്പർ മിനി ഡൊമിനിക്ക്,ഇമാം ടി എ ശിഹാബുദ്ദീൻ,സിപിഎം ലോക്കൽ സെക്രട്ടറി ഗോപി പാസ്റ്റർ അച്ചൻകുഞ്ഞ്, സ്വാമി ഓമനക്കുട്ടൻ,മസ്ജിദ് സെക്രട്ടറി അബ്ദുളള
പി കെ അബ്ദുറഹ് മാൻ , എ എം ഷാജഹാൻ  എന്നിവർ സംസാരിച്ചു.  കോട്ടയം,പത്തനംതിട്ട  ജില്ലകളിലെ  വിവിധ  പ്രദേശങ്ങളിലും  ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്.