പൂഞ്ഞാറില്‍ വോട്ടു കച്ചവടം എക്കാലവും നടത്തിയത് ഇടതുമുന്നണി : ആന്റോ ആന്റണി എംപി; ഇക്കുറി ആ കച്ചവടത്തിന് ജനം മറുപടി നല്‍കും…

പൂഞ്ഞാറിന് അനുയോജ്യനായ സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനിയെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി.

ഈരാറ്റുപേട്ട: എല്ലാക്കാലത്തും പൂഞ്ഞാറില്‍ വോട്ടു കച്ചവടം നടത്തിയ മുന്നണിയാണ് ഇടതുപക്ഷമെന്ന് ആന്റോ ആന്റണി എംപി. പൂഞ്ഞാറില്‍ പല പഞ്ചായത്തിലും സി പിഎം ജനപക്ഷവുമായി കൂട്ടുചേര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ഞാര്‍ നി യോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനിയുടെ ഈരാട്ടുപേട്ട നഗരസഭാ തെരഞ്ഞെടുപ്പ് പര്യടന പരിപാടിയുടെ സമാപന സമ്മേളനത്തില്‍ സംസാ രിക്കുകയായിരുന്നു അദ്ദേഹം.

ഇക്കുറി ഇടതുപക്ഷം എത്ര വോട്ടുകച്ചവടം ചെയ്താലും ഒന്നും സംഭവിക്കില്ലെന്നും യു ഡിഎഫ് വന്‍വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. അസഭ്യവര്‍ഷമല്ല, മാന്യതയാ ണ് പൂഞ്ഞാറിന്റെ മുഖമുദ്രയെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഗീയതയ്ക്ക് ഈ മ ണ്ണില്‍ സ്ഥാനമില്ല. ഇന്ത്യയെ ഭിന്നിപ്പിക്കാമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ അതിന് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈരാറ്റുപേട്ടയിലെ പര്യടന പരിപാടിയുടെ സമാപന സമ്മേളനം ഇടി മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്തു. പൂഞ്ഞാറിന് ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥിയാണ് അഡ്വ. ടോമി കല്ലാനിയെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. വലതുപക്ഷം ഒരുകാലത്തും മതത്തിന്റെയോ ജാതിയുടെയോ പേരില്‍ വേര്‍തിരിവുണ്ടാക്കിയിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇടതുപക്ഷത്തിന്റെ നിലപാട് കപടത നിറഞ്ഞതാണ്. ജനം ആ നിലപാട് തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇക്കുറി തെരഞ്ഞെടുപ്പില്‍ അതിന് ജനം മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എംപി സലീം അധ്യക്ഷത വഹിച്ച ചടങ്ങില്‍ യുഡിഎഫ് നേതാക്കളായ ജോമോന്‍ ഐക്കര, എംസി വര്‍ക്കി, അസീസ് ബഡായില്‍, നാട്ടകം സുരേഷ്, വിഎം സിറാജ്, എന്‍ എസ് രജിചന്ദ്രന്‍, റഫീക്ക് മണിമല, അഡ്വ. ഇല്യാസ്, സിറാജ് കണ്ടത്തില്‍, സുഹ്‌റ അബ്ദുള്‍ ഖാദര്‍, പിഎച്ച് നൗഷാദ്, അബ്ദുള്‍ ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.

ആയിരക്കണക്കിന് ആളുകളാണ് രാവിലെ മുതല്‍ നടന്ന പര്യടനത്തിന്റെ ഭാഗമായത്.