നിങ്ങള്‍ അപകട മേഖലയിലേക്ക് കടന്നിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി സ്വദേശികളാ യ റോഷന്‍ ,ഷാഹിദ്, അര്‍ജുന്‍, കോട്ടയം സ്വദേശിയ കണ്ണന്‍ എന്നിവര്‍ പുതിയ സാങ്കേതിക വിദ്യയയുമായി.പാതയോരങ്ങളിലെ അപകട മുന്നറിയിപ്പു ബോര്‍ഡു കള്‍ കണ്ണില്‍പ്പെട്ടില്ലെങ്കിലും കുഴപ്പമില്ല, ഇനി മുതല്‍ മുന്നറിയിപ്പുകള്‍ ഒരു കിലോ മീറ്റര്‍ മുമ്പേ നിങ്ങളുടെ കാതുകളിലെത്തും. സഞ്ചാര വഴിയിലെ അപകടമേഖലകള്‍ മുന്‍കൂട്ടി അറിയിക്കുന്ന സാങ്കേതിക വിദ്യ കണ്ടു പിടിച്ചിരിക്കുന്നത് അമല്‍ജ്യോതി സ്റ്റാര്‍ട്ടപ്പ് വില്ലേജിലെ തേര്‍ഡ് ഐ ടെക്‌നോളജീസാണ്. 
വാഹനങ്ങളില്‍ യു.എസ്.ബി പോര്‍ട്ടില്‍ ഘടിപ്പിക്കാവുന്ന വിധം തയ്യാറാക്കിയ ഉപകരണമാണ് തേര്‍ഡ് ഐ . നിലവിലുള്ള സൈന്‍ ബോര്‍ഡുകളും മറ്റു മുന്നറിയിപ്പ് സംവിധാങ്ങളും യാത്രയില്‍ വാഹനം ഓടിക്കുന്നവരുടെ കണ്ണില്‍ പെടാതെ പോകുന്ന തും, പരിചയമില്ലാത്ത റോഡിലൂടെയുള്ള യാത്രയില്‍ അപകട മേഖലകളെ കുറിച്ച് ധാരണയില്ലാത്തതും പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.രാത്രിയും, മഞ്ഞും മഴയും തുടങ്ങിയ പ്രതികൂലാവസ്ഥയില്‍ ചിലപ്പോള്‍ വഴി പോലും വ്യക്തമായി കാണാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ ഏറെ പ്രയോജനകരം ചെയ്യുന്നതാണ് തേര്‍ഡ് ഐ.
വാഹനം അപകട മേഖലകളില്‍ പ്രവേശിക്കുമ്പോള്‍ തന്നെ സംഭാഷണ രൂപത്തില്‍ മുന്നറിയിപ്പ് ലഭിക്കും. കൂടാതെ അതേ റോഡില്‍ പാലിക്കേണ്ട വേഗതയും അറിയി ക്കും. അപകട മേഖലകളില്‍ സ്ഥാപിക്കുന്ന ട്രാന്‍സ്മിറ്റര്‍ വഴിയാണ് സന്ദേശം ലഭിക്കുന്നത്. സൗരോര്‍ജത്തിലാണ് ട്രാന്‍സ്മിറ്റര്‍ പ്രവത്തിക്കുക എന്ന പ്രത്യേകതയു മുണ്ട്. അപകട മേഖലയ്ക്ക് ഒരു കിലോമീറ്റര്‍ മുമ്പേ വാഹനത്തില്‍ മുന്നറിയിപ്പ് ലഭിക്കും.

അത്യാവശ്യ ഘട്ടങ്ങളില്‍ ട്രാന്‍സ്മിറ്ററില്‍ നിന്നും പ്രത്യേക സന്ദേശങ്ങള്‍ വാഹങ്ങളിലേക്ക് കൈമാറാനും സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താം. ഉദാഹരണത്തിന് വഴിയില്‍ മറ്റ് അപകടങ്ങള്‍ നടക്കുകയോ, ഗതാഗത തടസ്സമോ ഉണ്ടായാല്‍ അതുവഴിയെത്തുന്ന മറ്റു വാഹനങ്ങളില്‍ ഇവ അറിയിക്കാനും സാധിക്കും.

നിലവില്‍ വികസിപ്പിച്ചിരിക്കുന്ന ഉപകരണം സര്‍ക്കാരില്‍ സമര്‍പ്പിച്ച് ജിപിഎസ്, മെസേജിങ് പോലുള്ള കുടുതല്‍ ആധുനിക സാങ്കേതിക വിദ്യകള്‍ കൂടി ഉള്‍പ്പെടുത്തി വിപുലപ്പെടുത്താനുമാണ് ടീം അംഗങ്ങളുടെ ശ്രമം.