കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ ലക്ഷ്മി ജ്വല്ലറിയില്‍ നടന്ന മോഷണം തൊരപ്പന്‍ കൊച്ചുണ്ണി സ്‌റ്റൈലില്‍. ജ്വല്ലറിയിലെ പിന്‍ഭാഗത്തെ ഭിത്തി തുറന്നാണ് മോഷ്ടാവ് അകത്തു കടന്ന് നാല് പവന്‍ സ്വര്‍ണവും രണ്ട് കിലോ വെള്ളിയും മോഷ്ടിച്ചത്. ദിലീപ് നായകനായ സിഐഡി മൂസ എന്ന സിനിമയിലെ ഹരിശ്രീ അശോകന്റെ കള്ളന്‍ കഥാപാത്രമാണ് തൊരപ്പന്‍ കൊച്ചുണ്ണി. മോഷ്ടിക്കാന്‍ കയറുന്ന സ്ഥാപനങ്ങളില്‍ തുരന്ന് കയറുന്നതിനാലാണ് തൊരപ്പന്‍ കൊച്ചുണ്ണി എന്ന് പേര് വീണത്.

ഇതേ രീതിയിലാണ് കഴിഞ്ഞദിവസം കാഞ്ഞിരപ്പള്ളി ലക്ഷ്മി ജ്വല്ലറിയിലും മോഷണം നടന്നത്. അതിനാല്‍, തൊരപ്പന്‍മാര്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി യി രിക്കുകയാണ് കാഞ്ഞിരപ്പള്ളി പോലീസ്. ഈ രീതിയില്‍ ജില്ലയില്‍ മോഷണം നടത്തുന്നവരുടെ ലിസ്റ്റ് ശേഖരിച്ച് അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു. ജ്വല്ലറി തുറന്ന ദിവസങ്ങളില്‍ വന്നവരുടെ പേര് വിവരങ്ങള്‍ എഴുതിയ ബുക്കും പോലീസ് ശേഖരിച്ച് അന്വേഷണം നടത്തുന്നുണ്ട്.

സ്വര്‍ണ കമ്മലുകളും മോതിരങ്ങളും വെള്ളി പാദസ്വരങ്ങളും അരഞ്ഞാണവും ഉള്‍ പ്പെടെ രണ്ടര ലക്ഷം രൂപയുടെ ആഭരണങ്ങളാണ് മോഷണം പോയത്. കോട്ടയത്തു നിന്ന് ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും എത്തി പരിശോധന നടത്തിയി രുന്നു. സമീപത്തെ ഇടവഴിയിലൂടെ പോലീസ് നായ കുറച്ചുദൂരം പോയെങ്കിലും മോഷ്ടാക്കളെ കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല.  ഇതിനിടെ കാഞ്ഞിരപ്പള്ളി ടൗണിലെ പ്രവര്‍ത്തനരഹിതമായ കാമറകള്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് വ്യാപാര സ്ഥാപന ഉടമകള്‍ ആവശ്യപ്പെട്ടു. ടൗണില്‍ നടക്കുന്ന പല മോഷണങ്ങളിലെയും പ്രതികളെ പിടികൂടാന്‍ സാധിക്കാതെ വരുന്നതിന്റെ ഒരു കാരണം കാമറകളില്ലാത്തതാണെന്നും അതിനാല്‍ ടൗണിലെ കാമറകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ അധികൃതര്‍ അടിയന്തരമായി സ്വീകരിക്കണമെന്നും വ്യാപാരികള്‍ പറഞ്ഞു.