എരുമേലി ഗ്രാമപഞ്ചായത്തിൽ പ്രസിഡൻ്റ് തങ്കമ്മ ജോർജ്കുട്ടിയ്ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു.കോൺഗ്രസ് അംഗം പ്രകാശ് പള്ളിക്കൂടം വിട്ട് നിന്നതാണ് അവിശ്വാസം പരാജയപ്പെടാൻ കാരണം.

എരുമേലി ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസം നടക്കാനിരിക്കെ കോൺഗ്രസ് അംഗം വിട്ടു നിന്നത് കോൺഗ്രസിനു അപ്രതീക്ഷ തിരിച്ചടിയായി. ഇന്ന് 11 നായിരുന്നു അവിശ്വാസം ചര്‍ച്ചയ്‌ക്കെടുക്കാന്‍ തീരുമാനിച്ചത്. നിലവില്‍ പ്രസിഡ ന്റ് പദവി എല്‍. ഡി. എഫിനും വൈസ് പ്രസിഡന്റ് പദവി യു. ഡി. എഫിനുമാണ്. എല്‍. ഡി. എഫിലും, യു. ഡി. എഫിലും 11 സീറ്റുകള്‍ വീതമുള്ള പഞ്ചായത്തില്‍ ഇതോടെ എൽഡിഎഫ് ഭരണം നിലനിർത്തി.

സ്വതന്ത്രനായി ജയിച്ചു വന്ന അംഗത്തെ കൂടെ നിര്‍ത്തി വൈസ് പ്രസിഡന്റ് പദവി നല്‍കി ഭരണം പിടിക്കാനായിരുന്നു യു. ഡി. എഫ് ശ്രമിച്ചത്. എന്നാല്‍ ആദ്യതെരഞ്ഞെടുപ്പില്‍ തന്നെ അതു പരാജയപ്പെട്ടു. ഒരു വോട്ട് അസാധുവായതോടെ നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം എല്‍. ഡി. എഫിനു ലഭിക്കുകയായിരുന്നു. ഇത്തവണ പഴുതടച്ചുള്ള നീക്കത്തിലൂടെ യു. ഡി. എഫ്. ഭരണം പിടിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ ഭരണം നഷ്ടമാകില്ലായെന്ന് ആത്മവിശ്വാസത്തിലായിരുന്നു എല്‍. ഡി. എഫ്. തദേശ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മുതല്‍ വന്‍ ട്വിസ്റ്റുകളാണ് പഞ്ചായത്തില്‍ ഭരിച്ചിരുന്നത്.