പൊടിമറ്റം: തലമുറകൾക്ക് അറിവ് പകർന്ന് നൽകിയ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ പൂർവ്വ വിദ്യാർഥികൾക്കും അധ്യാപകർക്കും കണ്ടുമുട്ടലിന്റെ വേദിയായി ശതാബ്ദി ആഘോഷ സമാപന വേദി. വിദ്യാർഥികളായിരുന്നപ്പോഴുള്ളവരുടെ മാറ്റം കണ്ട് ആശ്ചര്യപ്പെട്ട് വിദ്യാർഥികളും കാർക്കശ്യകാരായിരുന്ന അധ്യാപകർ വാത്സല്യത്തോടെ ചേർത്ത് പിടിച്ചതും വേറിട്ട കാഴ്ചയായി.

ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സെന്റ് ജോസഫ്‌സ് മൗണ്ട് ഓഡിറ്റോറിയത്തിൽ നടന്ന പൊതു സമ്മേളനം പി.സി ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ്‌സ് എൽ.പി സ്‌കൂളിനെ ആധുനിക സൗകര്യങ്ങളോട് കൂടിയ സ്മാർട്ട് സ്‌കൂളായി ഉയർത്തുമെന്ന് പി.സി ജോർജ് എം.എൽ.എ പറഞ്ഞു. സ്‌കൂളിനെ സ്മാർട്ട് ക്ലാസ് റൂമുകളുടെ നിർമാണത്തിനായുള്ള നടപടി ക്രമങ്ങൾ ഉടൻ പൂർത്തികരിക്കാനുള്ള കാര്യങ്ങൾ ചെയ്യുമെന്നും പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ആദ്യത്തെ സ്മാർട്ട് എൽ.പി.സ്‌കൂളായി സെന്റ് ജോസഫ്‌സ് സ്‌കൂളിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂൾ മാനേജർ ഫാ. തോമസ് പഴുവക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ആന്റോ ആൻണി എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ ഡി.സി കിഴക്കേമുറി മെമ്മോറിയൽ സ്‌കൂൾ ലെബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. അൽഹാഫിള് അർഷാദ് മൗലവി, സാബു സ്വാമി, സിസ്റ്റർ ഇന്നസെന്റ് തെരെസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. വിജയപുരം കോർപ്പറേറ്റ് മാനേജർ ഫാ. പോൾ ഡെന്നി രാമച്ചംകുടി പൂർവ്വ അധ്യാപകരെ ആദരിച്ചു.

പ്രധാനധ്യാപിക അൽഫോൻസാ പാലത്തുങ്കൽ, എ.ഇ.ഒ സരസമ്മ പി.കെ, മറിയാമ്മ ജോസഫ്, റ്റി.എം ഹനീഫാ, ഡെയ്‌സി ജോർജു കുട്ടി, ജോണിക്കൂട്ടി മഠത്തിനകം, ചാർളി കോശി, പി.എം തമ്പിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. വിജയപുരം രൂപത മെത്രാൻ ഡോ. സെബാസ്റ്റിയൻ തെക്കത്തേച്ചരിയിൽ പിതാവിന്റെ കൃതജ്ഞതാ ബലിയർപ്പണ ത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. കുട്ടികളുടെ കലാപരിപാടികളും നടന്നു.