തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ എട്ട് മുതല്‍ പരീക്ഷകള്‍ ആരംഭിക്കും. സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അംഗീകരിച്ചു. പുതുക്കിയ ടൈംടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കും. റമസാന്‍ തുടങ്ങുന്നതിന് മുന്‍പ് എട്ട്, ഒന്‍പത്, 12 തീയതികളില്‍ രാവിലെയും വൈകുന്നേരവും പരീക്ഷയുണ്ടാകും. പിന്നീട് ഒന്നിടവിട്ട ദിവസങ്ങളില്‍ രാവിലെ മാത്രം പരീക്ഷ നടക്കും. ഏപ്രില്‍ 30 ന് പരീക്ഷ അവസാനിക്കും.

പരീക്ഷാ തീയതികള്‍ മാറ്റുന്നത് സംബന്ധിച്ച് ഉടന്‍ തീരുമാനം കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. വിഷയത്തില്‍ ഉടനടി തീരുമാനമുണ്ടായില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ജോലികളും പരീക്ഷാ ജോലികളും താളം തെറ്റുമെന്നാണ് വിലയിരു ത്തിയായിരുന്നു നടപടി.

നേരത്തെ ഈ മാസം 17ന് തുടങ്ങാന്‍ നിശ്ചയിച്ച പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. പരീക്ഷാ ജോലിക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന അധ്യാപകരില്‍ പലര്‍ക്കും തെരഞ്ഞെടുപ്പ് ജോലിയും ലഭിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ അപേക്ഷ.

കോവിഡ് കണക്കിലെടുത്ത് ഇത്തവണ 15,000 പോളിംഗ് ബൂത്തുകള്‍ അധികമായി കമ്മീഷന്‍ ക്രമീകരിക്കുന്നുണ്ട്. അതിനാല്‍ പതിവില്‍ കൂടുതല്‍ അധ്യാപക ര്‍ക്ക് ഇത്തവണ തെരഞ്ഞെടുപ്പ് ജോലി ലഭിച്ചു. ഇതോടെ പരീക്ഷാ തീയതി മാറ്റമെന്ന് അധ്യാപക സംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.