കാഞ്ഞിരപ്പള്ളി: കാഴ്ച്ച ഇരുട്ടിലാണെങ്കിലും അകക്കണ്ണിന്റെ വെളിച്ചത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടി സീതാ ലക്ഷമി. ആറ് എ പ്ലസും മൂന്ന് എ യും ഒരു ബി പ്ലസും നേടിയാണ് വിജയിച്ചത്. സ്‌ക്രൈബിന്റെ സഹായത്തോടെ യാണ് സാതാ ലക്ഷ്മി പരീഷയെഴുതിയത്. ആലപ്പുഴ ജില്ലയിലെ ശ്രീകണ്ഠമംഗലം ചാല പ്പുഴ തുണ്ടത്തിക്കരി ഹരിദാസ് -ലൈജു ദമ്പതികളുടെ മകളാണ് സീതാലക്ഷ്മി.

ജന്മനാ കണ്ണുകൾക്ക് പൂർണമായും കാഴ്ച ശേഷിയില്ലാത്ത സീതാലക്ഷ്മി ഒന്നാം ക്ലാസു മുതൽ ഏഴുവരെ കാളകെട്ടി അസ്സീസി അന്ധവിദ്യാലയത്തിലാണ് പഠിച്ചത്. ഹൈസ്‌കൂൾ പഠനത്തിനായി കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹൈസ്‌കൂളിലെത്തിയെങ്കിലും അസ്സീ സി ആശ്രമത്തിൽ തന്നെ അന്തേവാസിയായി തുടരുകയായിരുന്നു. പഠനത്തോടൊപ്പം ശാസ്ത്രീയ സംഗീതം, ദേശഭക്തി ഗാനം, ഉപകരണ സംഗീതം എന്നിവയിൽ സംസ്ഥാന സ്‌പെഷ്യൽ കലോത്സവത്തിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

1968 ൽ തലയോലപറമ്പിനു സമീപം അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റി ന്റെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ച അസ്സീസി അന്ധ വിദ്യാലയം 1993ലാണ് കാളകെട്ടിയിൽ പ്രവർത്തനം ആരംഭിച്ചത. ഇവിടുത്തെ വിദ്യാർഥികളായിരുന്ന സ്വാതി ,അജു, സഹോദരങ്ങളായ അനുഷ, അഞ്ജുഷ എന്നിവർ കഴിഞ്ഞ വർഷം എസ്.എസ്. എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയിരുന്നു.