വീട്ടമ്മയുടെ നഷ്ടപ്പെട്ടെന്നു കരുതിയ രണ്ടര ലക്ഷം രൂപ തിരികെ എത്തിച്ചു നൽകി കണ്ടക്ടറുടെ മാതൃക

പൊൻകുന്നം: യാത്രക്കിടെ നഷ്ടപ്പെട്ട രണ്ടര ലക്ഷം രൂപ വീട്ടമ്മയ്ക്ക് തിരികെ എത്തിച്ചു നൽകി സ്വകാര്യ ബസ് കണ്ടക്ടറുടെ മാതൃക.കോട്ടയം പള്ളിക്കത്തോട് പൊൻകുന്നം വഴി തമ്പലക്കാടിന് സർവീസ് നടത്തുന്ന ലാൽ ബ്രദേഴ്സ് എന്ന സ്വകാര്യ ബസിൽ ആണ് പണം നഷ്ടമായത്.ഇളം പള്ളിയിൽ നിന്നും പൊൻകുന്നത്തേക്ക് യാത്രചെയ്തിരുന്ന ഇളംപള്ളി പഴയ പറമ്പിൽ ആൻറണിയുടെ ഭാര്യ റോസമ്മയുടെ കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക്ക് കവർ സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതും പിന്നീട് തിരികെ ലഭിച്ചതും.
സ്ഥലം വിറ്റു കിട്ടിയ രണ്ടരലക്ഷം രൂപ പൊൻകുന്നത്തെ ബാങ്കിലടയ്ക്കാൻ കൊണ്ടുവന്നതായിരുന്നു റോസമ്മ.ബസ്റ്റാൻഡിൽ വന്ന് ബസ്സിറങ്ങി ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോഴാണ് തൻറെ കയ്യിലുള്ള പണം നഷ്ടമായത് എന്ന് റോസമ്മ മനസ്സിലാക്കുന്നത്.ബസ്റ്റാൻഡിൽ ഇവർ പരിഭ്രാന്തയായി പൊട്ടിക്കരയുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ് കൊടുങ്ങൂർ സ്വദേശി ശ്രീകുമാർ ഇവരെ കൂട്ടിക്കൊണ്ട് സ്റ്റേഷനിലെത്തിച്ച് പരാതി നൽകിക്കുകയായിരുന്നു.റോസമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ബസ് ഉടമയെ ഫോണിൽ ബന്ധപ്പെടുകയും ബസ് ഉടമയുടെ കയ്യിൽ നിന്നും ഫോൺ നമ്പർ വാങ്ങി ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടറെ വിവരം അറിയിക്കുകയും ചെയ്തു. അപ്പോഴാണ് കണ്ടക്ടർ പണം നഷ്ടപ്പെട്ട വിവരം അറിയുന്നത് ഉടൻതന്നെ കണ്ടക്ടർ ശ്രീകുമാർ ബസ്സിനുള്ളിൽ പരിശോധന നടത്തിയപ്പോൾ സീറ്റിനടിയിൽ നിന്നും പണം ലഭിച്ചു. സ്റ്റേഷനിലെത്തിയ കണ്ടക്ടറും ചെക്കർ ജോസ് പി ജേക്കബും ചേർന്ന് പൊൻകുന്നം എസ് ഐ കെ ഒ സന്തോഷ് കുമാറിന്റെ സാന്നിദ്ധ്യത്തിൽ റോസമ്മയ്ക്ക് പണം കൈമാറി.