കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷന്റെ ചുമതലകളിലും ക്രമസമാധാന പാലനത്തിലും ചെറുകൈ സഹായവുമായി കുട്ടിപ്പൊലീസ് എത്തി. രാജ്യാന്തര ശിശുദിനത്തിന്റെ ഭാഗമായാണ് സ്റ്റുഡന്റ്‌സ് പൊലീസ് കെഡറ്റുകള്‍ക്ക് ഒരുദിവസം സ്റ്റേഷന്റെ ചുമതല നല്‍കാന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കിയത്.
സെന്റ് ഡൊമിനിക്‌സ് ഹയര്‍ സെക്കണ്ടറി സ്‌കുളിലെ 27 കേഡറ്റുകളും, സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളിലെ 15 കേഡറ്റുകളുമാണ് ഇന്നലെ കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിയത്. പൊലീസ് സ്റ്റേഷന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, ട്രാഫിക് നിയമങ്ങള്‍, ട്രാഫിക് നിയന്ത്രണം, വാഹന പരിശോധന, പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടികള്‍, തുടങ്ങിയ കാര്യങ്ങള്‍ നേരില്‍ കണ്ടറിയാനാണ് കേഡറ്റുകള്‍ എത്തിയത്. 
തോക്കുംലാത്തിയും കയ്യിലെടുത്തു പരിശോധിച്ചു. പ്രതികളെ സൂക്ഷിക്കുന്ന ലോക്കപ്പും കണ്ട് ഒരോ സ്‌കൂളില്‍ നിന്നുള്ള കേഡറ്റുകള്‍ ഒരോ മണിക്കൂര്‍ സ്റ്റേഷനില്‍ ചിലവഴിച്ചാണ് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കി മടങ്ങിയത്. സിഐ ഷാജു ജോസ്, എസ്.ഐ മാരായ എ.എസ്.അന്‍സില്‍, കെ.ബി സാബു എന്നിവര്‍ നേതൃത്വം നല്‍കി.